കൊച്ചി: സ്വത്തുക്കള്‍ വിറ്റ് സാമ്പത്തിക ബാധ്യത തീര്‍ക്കാനുള്ള തിരുവമ്പാടി ദേവസ്വത്തിന്റെ തീരുമാനം ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്നും തീരുമാനത്തില്‍ നിന്നും ദേവസ്വം പിന്മാറണമെന്നും വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, സെക്രട്ടറി വി.ആര്‍. രാജശേഖരന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ സാധ്യമായ ഒട്ടേറെ മാര്‍ഗങ്ങള്‍ നിലവിലുണ്ട്, അതുപയോഗിച്ച് ബാധ്യതകള്‍ തീര്‍ക്കാനാണ് ഉത്തരവാദപ്പെട്ട ഭരണകൂടം ശ്രമിക്കേണ്ടത്. അതിനു തയാറാകാതെ സ്വത്തുക്കള്‍ വില്‍ക്കുന്നത് ഇരിക്കുന്ന കൊമ്പു മുറിക്കുന്നതിന് തുല്യമാണ്. ഇപ്പോള്‍ സ്വത്ത് വിറ്റ് ബാധ്യത തീര്‍ത്താല്‍ വീണ്ടും ഇതേ സാഹചര്യത്തില്‍ ഭഗവാന്റെ സ്വര്‍ണക്കോലവും തിരുവാഭരണവുമൊക്കെ വില്‍ക്കാന്‍ തയാറാകില്ലെന്ന് എങ്ങനെ പറയാന്‍ കഴിയുമെന്നും വിഎച്ച്പി നേതാക്കള്‍ ചോദിച്ചു.
ദേവസ്വത്തിന്റെ സ്വത്തുക്കള്‍ ഭക്തസമൂഹത്തിന്റെ ആകെ സ്വത്താണ്. അത് വിറ്റുതുലയ്‌ക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഭക്തജനങ്ങള്‍ ഈ തീരുമാനത്തിനെതിരെ രംഗത്തുവരണമെന്നും വിഎച്ച്പി നേതാക്കള്‍ ആവശ്യപ്പെട്ടു.
Discussion about this post