തിരുവനന്തപുരം: വന്ദേഭാരത് എക്‌സ്പ്രസിന് ഇന്ന് മുതൽ ചെങ്ങന്നൂരിൽ സ്റ്റോപ്പ്. തിരുവനന്തപുരം-കാസർകോഡ് വന്ദേഭാരത് എക്‌സ്പ്രസിനാണ് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. പുതിയ സ്റ്റോപ്പ് അനുവദിച്ചതോടെ ട്രെയിൻ തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്നതിന്റെ ഉൾപ്പെടെ സമയക്രമത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്.
കൂടാതെ വന്ദേഭാരത് എക്‌സ്പ്രസ് തൃശൂരിൽ ഒരു മിനിറ്റ് അധികം നിർത്തുമെന്നും റെയിൽവേ അറിയിച്ചു. ഇന്ന് രാവിലെ 6.05-ന് തരുവനന്തപുരത്ത് നിന്നും പുറപ്പെട്ട വന്ദേഭാരത് 6.53-ന് ചെങ്ങന്നൂരിലെത്തി. ഈ വേളയിൽ കേന്ദ്ര സഹമന്ത്രി വി മുരളീധനരന്റെ നേതൃത്വത്തിൽ എക്‌സ്പ്രസിന് സ്വീകരണം നൽകി.
ചെങ്ങന്നൂരിൽ രണ്ട് മിനിറ്റോളം നിർത്തിയ ശേഷമാണ് ട്രെയിൻ യാത്ര ആരംഭിച്ചത്. തിരുവനന്തപുരത്ത് നിന്നും കോട്ടയം മുഖേന കാസർകോട്ടേക്ക് സർവീസ് നടത്തുന്ന ട്രെയിനിന്റെ സമയക്രമത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്.
വന്ദേഭാരത് എക്‌സ്പ്രസിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചത് അയ്യപ്പ ഭക്തർക്കുള്ള പ്രധാനമന്ത്രിയുടെ സമ്മാനം: വി മുരളീധരൻ
ആലപ്പുഴ: ആദ്യമായി ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ വന്ദേഭാരത് എക്‌സ്പ്രസ് നിർത്തിയതിന് പിന്നാലെ വൻ സ്വീകരണം. കേന്ദ്രമന്ത്രി വി മുരളീധരൻ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കാളികളായി. വന്ദേഭാരതിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചത് അയ്യപ്പ ഭക്തർക്കുള്ള പ്രധാനമന്ത്രിയുടെ സമ്മാനമെന്ന് വി മുരളീധരൻ പറഞ്ഞു.
കേരളത്തിന്റെ റെയിൽവേ വികസനത്തിൽ സമാനതകളില്ലാത്ത ഇടപെടലാണ് നരേന്ദ്രമോദി സർക്കാർ നടത്തുന്നതെന്നും വി മുരളീധരൻ വ്യക്തമാക്കി. ചെങ്ങന്നൂരിൽ സ്‌റ്റോപ്പ് അനുവദിച്ചതോടെ ട്രെയിനിന് പുതിയ സമയക്രമമായി. പുതിയ സമയക്രമം നിലവിൽ വരുന്നതോടെ മറ്റ് ട്രെയിനുകൾ പിടിച്ചിടുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറയുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post