കോഴിക്കോട്: വൈദിക ചിന്ത അധപ്പതിച്ചപ്പോള്‍ നവോത്ഥാനത്തിന് ഋഷിമാര്‍ തെളിച്ച ആര്‍ഷജ്ഞാനത്തിന്റെ പ്രകാശദീപ്തിയാണ് ശ്രീശങ്കരാചാര്യരെന്ന് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജിലെ സംസ്‌കൃത വിഭാഗം മേധാവി ഡോ. ലക്ഷ്മി ശങ്കര്‍ വിശദീകരിച്ചു. കേസരി നവരാത്രി സര്‍ഗോത്സവ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു.
ഇങ്ങനെ സ്വയം സംശുദ്ധീകരിക്കാനുള്ള കഴിവുള്ളതു കൊണ്ടാണ് സനാതനമായി നിലനി
ല്‍ക്കുന്നത്. ശങ്കരാചാര്യര്‍, സ്വാമി വിവേകാനന്ദന്‍, ചട്ടമ്പി സ്വാമികള്‍, ശ്രീനാരായണ ഗുരു, എഴുത്തച്ഛന്‍ തുടങ്ങിയ ആദ്ധ്യാത്മികാചാര്യന്മാര്‍ ആ പരമ്പരയിലുണ്ടെന്നും ഡോ. ലക്ഷ്മി പറഞ്ഞു.
എത്ര ഉന്നതമായാലും ആദര്‍ശവും സംഘടനകളും കാലപ്പഴക്കം ചെല്ലുമ്പോള്‍ അനുഷ്ഠിക്കുന്നവരുടെ സ്വാര്‍ത്ഥത മൂലം ക്ഷയിക്കും. അങ്ങനെയാണ് വൈദികചിന്ത ക്ഷയിച്ചത്. അവിടെയാണ് ഏകത്വ ദര്‍ശനത്തിന്റെ ആര്‍ഷചിന്തയുമായി ശങ്കരന്‍ ഭാരത ദാര്‍ശനികതയെ ദൃഢപ്പെടുത്തിയത്. വൈകാരികതയിലല്ല, ആ ദര്‍ശനത്തിലാണ് ഭാരതീയ ചിന്തയുടെ ആധാരം. അതാണ് ആധികാരികമെന്ന് ശങ്കരന്‍ യുക്തിയിലൂടെ ബോധ്യപ്പെടുത്തി. അത് സാംസ്‌കാരിക ചിന്തയെ ആകെ സ്പര്‍ശിച്ചു. അതുകൊണ്ടുതന്നെ ശങ്കരദര്‍ശനം കാലികമല്ല, സാര്‍വകാലികമാണ്.
ബോധജ്ഞാനമുള്ളവരെ അധികാരികളായി അംഗീകരിക്കുന്ന ദര്‍ശനമാണത്. അവിടെ ഉച്ചനീചത്വങ്ങളില്ല, ജാതിയും വര്‍ഗവും എന്നല്ല ഒരു വിവേചനവുമില്ല. അതുകൊണ്ടാണ് ചണ്ഡാലന്‍ ചോദിച്ച യുക്തിയെ ശങ്കരന്‍ അംഗീകരിച്ച് പ്രണമിച്ചത്. അതിന്റെ തുടച്ചയാണ് ഇന്നും സംഭവിച്ചുകൊണ്ടിരിക്കുന്നത്. രാഷ്‌ട്രത്തിന്റെ നാലു കോണുകളില്‍ ശങ്കരന്‍ സ്ഥാപിച്ച മഠങ്ങളുടെ ദര്‍ശനവും തത്ത്വവും ഉള്‍ക്കൊണ്ട് അവയുടെ പുനരുത്ഥാനവും ഉജ്ജീവനവും നടക്കുന്ന ഈ അമൃതകാലം ശങ്കരദര്‍ശനത്തിന്റെ സര്‍വകാല പ്രസക്തി തന്നെയാണ് തെളിയിക്കുന്നതെന്ന് ഡോ. ലക്ഷ്മി ശങ്കര്‍ പറഞ്ഞു.
പ്രൊഫ. ടി.പി. വത്സല അദ്ധ്യക്ഷയായി. സബിത പ്രഹ്ലാദന്‍ സ്വാഗതവും വനജ എസ്. നായര്‍ നന്ദിയും പറഞ്ഞു.
Discussion about this post