ആലുവ : നാമെല്ലാം ഒരൊറ്റ സംസ്ക്കാരത്തിൽ പിറന്നവരാണ്. ഒരാൾക്കും അത് തടയാനോ തകർക്കാനോ കഴിയാത്ത മഹാശക്തിയുടെ പ്രവാഹമാണ്. ഈ ഭാരതത്തിന്റെ തനത് സംസ്ക്കാരം. ആ സംസ്ക്കാരമാണ് ഭാരതത്തിന്റെ പിൻബലമെന്ന് പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജക് ജെ നന്ദകുമാർ പറഞ്ഞു. രാഷ്ട്രീയ സ്വയം സേവക സംഘം ആലുവ സംഘ ജില്ലാ വിജയദശമി മഹോത്സവത്തിന്റെ ഭാഗമായി ആലുവ വിദ്യാധിരാജ വിദ്യ ഭവൻ ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന പൊതുസമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മറ്റ് ലോക രാഷ്ട്രങ്ങളെപ്പോലെയല്ല ഈ രാഷ്ട്രം പിറവിയെടുത്തത്. ഇന്ന് കാണുന്ന രാഷ്ട്രങ്ങളിൽ പലതും ഭരണകൂടത്തിന്റെ അടിസ്ഥാനത്തിൽ ഉണ്ടായിട്ടുള്ളതാണ്. എന്നാൽ ഇവിടെ ഈ രാഷ്ട്രം ഉണ്ടായത് ഈ നാടിന്റെ വിശിഷ്ടമായ സംസ്ക്കാരത്തിലാണ്. അതുകൊണ്ട് തന്നെ ഭാരതത്തെ ഒരുമിച്ച് നിർത്തുന്നത് സാമ്പത്തികമോ രാഷ്ട്രീയമായ ആശയങ്ങളോ അല്ല മറിച്ച് അത് നമ്മുടെ ഹൈന്ദവ സംസ്ക്കാ രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ സേവ് കേരള പ്രസിഡന്റ് അഡ്വക്കേറ്റ് റസൽ ജോയ് അദ്ധ്യക്ഷനായി. ജില്ലാ സംഘചാലക് റിട്ടയേർഡ് ജില്ലാ ജഡ്ജ് സുന്ദരം ഗോവിന്ദ്, മുൻ പ്രാന്ത സംഘചാലക് പി ഇ ബി മേനോൻ എന്നിവർ പങ്കെടുത്തു.
ജില്ലാ കാര്യവാഹ് എ കെ ഷാജി സ്വാഗതവും ജില്ലാ കുടുംബ പ്രബോധൻ പ്രമുഖ് പി കെ ഗോപാലൻ കൃതജ്ഞതയും രേഖപ്പെടുത്തി. പൊതു മഹോത്സവത്തിന്റെ ഭാഗമായി ആലുവ മണൽപ്പുറത്ത് നിന്ന് പറവൂർ, ചെറായി, അങ്കമാലി ഖണ്ഡുകളിലെ സ്വയം സേവകരും വിദ്യാധിരാജ വിദ്യാഭവൻ ഹയർ സെക്കണ്ടറി സ്കൂൾ മൈതാനിയിൽ നിന്ന് കടുങ്ങല്ലൂർ, ആലുവ, കാലടി ഖണ്ഡുകളിലെ സ്വയം സേവകരും ഒരേ സമയത്ത് ആരംഭിച്ച പഥസഞ്ചലനം ആലുവ മെട്രോ ജംഗ്ഷനിൽ സംഗമിച്ച് മഹാപ്രവാഹമായി നഗരത്തെ പ്രഥക്ഷിണം വെച്ച് വിദ്യാധിരാജ ഹയർ സെക്കണ്ടറി സ്കൂൾ മൈതാനിയിൽ സമാപിച്ചു.
Discussion about this post