കോഴിക്കോട്: രാഷ്ട്രധര്‍മം ഭാരതീയരില്‍ എത്തിച്ചതും എത്തിക്കുന്നതുമാണ് ആര്‍എസ്എസ്സിന്റെ ഏറ്റവും വലിയ ദൗത്യമെന്ന് ചിന്തകനും പാഞ്ചജന്യ മുന്‍ എഡിറ്ററും മുന്‍ എംപിയുമായ തരുണ്‍ വിജയ് പറഞ്ഞു. കേസരിയുടെ അമൃതശതം 23 പ്രഭാഷണ പരമ്പരയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രധര്‍മം എന്നാല്‍ രാജ്യത്തെ സേവിക്കാതെ എന്റെ ജീവിതം പൂര്‍ണമല്ല എന്ന വികാരവും വിചാരവും ജനിപ്പിക്കലാണ്. രാഷ്ട്ര സേവന ബോധം ജീവിതത്തിന്റെ എല്ലാ മേഖലയിലും എത്തിക്കാന്‍ നാല്‍പതിലേറെ വിവിധ സംഘടനാ പ്രവര്‍ത്തനങ്ങള്‍വഴി ആര്‍എസ്എസ്സിന് സാധിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഭാരതം ഒരു രാഷ്ട്രമല്ല, ആയിരുന്നില്ല പകരം പല രാജ്യങ്ങളുടെ ഫെഡറേഷന്‍ ആണെന്ന് പറയുന്നവര്‍ രാജ്യത്തിന്റെ ശത്രുക്കളാണ്. അനാദികാലം മുതല്‍ ഭാരതം ഒറ്റ രാഷ്ട്രമാണ്. ഭാരതത്തിന്റെ ആ സംസ്‌കാരത്തെക്കുറിച്ച് സാംസ്‌കാരിക വേരുകളെക്കുറിച്ച് ആര്‍എസ്എസ് ലോകമെമ്പാടുമുള്ള ഭാരതീയരെ ബോധ്യപ്പെടുത്തി. ഭാരതത്തെ അമ്മയായി കാണുകയെന്ന സങ്കല്‍പ്പവും ഭാവവും വളര്‍ത്തിയപ്പോള്‍ ജനങ്ങളെയെല്ലാം സഹോദര ഭാവത്തില്‍ കാണാന്‍ പഠിപ്പിച്ചു. ഭാരതത്തെ ഒന്നിപ്പിച്ച്്, ദേശീയതയും രാഷ്ട്രഭക്തിയും സാംസ്‌കാരിക നാഗരികതയും ധരിപ്പിച്ചു. ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ ആനന്ദമഠത്തിലെ ഭടന്മാരായ സംന്യാസിമാരെ എന്നപോലെ പ്രവര്‍ത്തകരെ രുപപ്പെടുത്തി. അവര്‍ ഭാരതത്തിലെമ്പാടും പ്രവര്‍ത്തിച്ച് ജനങ്ങളെ ബോധവല്‍ക്കരിച്ചു. അ്ങ്ങനെ കേരളത്തില്‍നിന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ചെന്ന് അവിടത്തെ ജനങ്ങളെ പഠിപ്പിച്ചും ചികിത്സിച്ചും സേവനം ചെയ്ത് രാഷ്ട്രഭക്തരാക്കുന്നവര്‍ ഏറെയാണെന്ന് തരുണ്‍ വിജയ് പറഞ്ഞു.
ഏത് മതത്തിലും ധാരയിലും വിശ്വാസത്തിലും ജീവിച്ചാലും രാഷ്ട്രത്തോട് പ്രതിബദ്ധത ഉണ്ടായിരിക്കുക എന്നതാണ് പ്രധാനം എന്നാല്‍ മറ്റൊരു പ്രവാചക മതം പോലുള്ള കമ്മ്യൂണിസ്റ്റുകള്‍ക്ക് ഒരിക്കലും ആ വികാരം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ നമ്മുടെ കണ്‍മുന്നില്‍ കമ്യൂണിസം ആശയപരമായി തോല്‍പ്പിക്കപ്പെടും, അദ്ദേഹം പറഞ്ഞു.
ആര്‍ക്കിടെക്ട് എ.കെ. പ്രശാന്ത് അധ്യക്ഷനായി. ബിഎംഎസ് ജില്ലാ പ്രസിഡന്റ് പി.ശശിധരന്‍ സ്വാഗതവും ദേവദാസ് നന്ദിയും പറഞ്ഞു.
Discussion about this post