ആര്‍ ഹരിയേട്ടന്റെ നിര്യാണവാര്‍ത്ത ഏറെ ദുഃഖത്തോടെയാണ് അറിഞ്ഞത്. ഏതാണ്ട് മുപ്പത് വര്‍ഷത്തെ ഊഷ്മളബന്ധമാണ് ആര്‍. ഹരിയേട്ടനുമായി എനിക്കുണ്ടായിരുന്നത്. കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷന്റെ വേദപ്രചരണ പ്രവർത്തനങ്ങൾക്ക് എന്നും അദ്ദേഹം പ്രോത്സാഹനങ്ങളും മാർഗനിർദേശങ്ങളുമേകി. ജീവിതസായാഹ്നത്തില്‍, അസുഖബാധിതനായിരിക്കുന്ന വേളയില്‍ ‘വ്യാസഭാരതത്തിലെ യുധിഷ്ഠിരന്‍’ എന്ന അദ്ദേഹത്തിന്റെ കൃതിക്ക് ഞാന്‍ അവതാരിക എഴുതണമെന്ന് അദ്ദേഹം ഒരു ആഗ്രഹം പ്രകടിപ്പിച്ചു. അത് ചെയ്തുകൊടുക്കാന്‍ സാധിച്ചതില്‍ ഞാന്‍ ചരിതാര്‍ഥനാണ്. രാഷ്ട്രത്തിനും സമൂഹത്തിനും അദ്ദേഹം നല്‍കിയ യോഗദാനം അന്യാദൃശമാണ്. രാഷ്ട്രോദ്ധാരണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവലക്ഷ്യം. ‘ഇദം ജീവനം രാഷ്ട്രായ, ഇദം ന മമ’ എന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവമന്ത്രം. രാഷ്ട്രത്തിനുവേണ്ടി സ്വന്തം ജീവിതം സമര്‍പ്പിച്ച ഹരിയേട്ടന്‍. അദ്ദേഹത്തെ സംബന്ധിച്ച ഒരു ഓര്‍മ ഞാനിവിടെ പങ്കുവെക്കാം. കഴിഞ്ഞ അന്താരാഷ്ട്ര ആര്യമഹാ സമ്മേളനത്തില്‍ മഹര്‍ഷി ദയാനന്ദ സരസ്വതിയുടെ 200-ാം ജന്മവാര്‍ഷികാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യാനായി പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദി എത്തിയപ്പോള്‍ അദ്ദേഹത്തെ സ്വീകരിക്കാനായി റിസപ്ഷന്‍ കമ്മിറ്റിയുടെ അംഗമായി ഞാനും ചെന്നിരുന്നു. എന്റെ ഗുരുഭായിയും ജെ.ബി.എം ഗ്രൂപ്പ് ചെയര്‍മാനുമായ ശ്രീ. എസ്.കെ ആര്യയുടെ വീട്ടിലാണ് ഞങ്ങള്‍ക്കേവര്‍ക്കും ഡിന്നര്‍ ഒരുക്കിയിരുന്നത്. അവിടെ വെച്ച് ബര്‍മ്മയിലെ ഒരു ഹിന്ദുസമാജപ്രവര്‍ത്തകനെ പരിചയപ്പെട്ടു. ഞാന്‍ കേരളത്തില്‍നിന്നാണെന്ന് അറിഞ്ഞപ്പോള്‍ അദ്ദേഹം ആവേശത്തോടെ ചോദിച്ചത് ‘രംഗഹരി ജിയെ അറിയുമോ’ എന്നാണ്. ഒരു നിമിഷം കഴിഞ്ഞാണ് ആര്‍. ഹരിയേട്ടനെക്കുറിച്ചാണല്ലോ ഇദ്ദേഹം ചോദിക്കുന്നത് എന്ന തിരിച്ചറിവ് എന്നിലുണ്ടായത്. വിശ്വത്തില്‍ ഏതു കോണിലുമുള്ള ഹിന്ദുസമാജ പ്രവര്‍ത്തകരും അദ്ദേഹത്തെ അറിയുന്നു. അദ്ദേഹത്തെക്കുറിച്ച് ആവേശത്തോടെ സംസാരിക്കുന്നു. സമീപം നില്‍ക്കുന്ന നമ്മളില്‍ പലരും പലപ്പോഴും അറിഞ്ഞിട്ടില്ലാത്ത ഒരു ഹരിയേട്ടനുണ്ട്. ആ ഹരിയേട്ടന്റെ യശസ്സ് എക്കാലവും കെടാതെ നില്‍ക്കുമെന്നെ നിക്ക് ഉറപ്പാണ്. എങ്കിലും അദ്ദേഹത്തിന്റെ നിര്യാണം ഹൈന്ദവ സമാജത്തിന് നികത്താനാവാത്ത ഒരു നഷ്ടംതന്നെയാണ്. ആര്‍. ഹരിയേട്ടന് ശതകോടി പ്രണാമങ്ങള്‍…
Discussion about this post