ന്യൂഡൽഹി: ശബരിമലയിൽ കീടനാശിനിയുടെ അംശം കണ്ടെത്തിയ ഏലയ്‌ക്ക ഉപയോഗിച്ച് നിർമ്മിച്ച അരവണ നശിപ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്. സർക്കാരും ദേവസ്വം ബോർഡും ഇതിന് നടപടി സ്വീകരിക്കണമെന്നും സുപ്രീം കോടതി നിർദ്ദേശം നൽകി.
ജനുവരി മാസം മുതൽ ശബരിമലയിൽ കെട്ടിക്കിടക്കുന്ന 6 ലക്ഷത്തിലധികം ടിൻ അരവണകൾ നശിപ്പിക്കാനാണ് സുപ്രീം കോടതി നിർദ്ദേശിച്ചിരിക്കുന്നത്. അരവണ നിർമ്മിക്കാൻ ഉപയോഗിച്ചിരുന്ന ഏലയ്‌ക്കകളിൽ കീടനാശിനികളുടെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് സുപ്രീം കോടതി അരവണ നശിപ്പിക്കാൻ ഉത്തരവ് നൽകിയിരിക്കുന്നത്. അരവണ നശിപ്പിക്കാനുള്ള സ്ഥലം സർക്കാരിനും ദേവസ്വം ബോർഡിനും തീരുമാനിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
അതേസമയം അരവണയുടെ വിൽപ്പന തടഞ്ഞ കേരള ഹൈക്കോടതിയെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു. ഏലക്കയിൽ കീടനാശിനി സാന്നിധ്യമുണ്ടെന്ന പരാതിയെ തുടർന്ന് കേരള ഹൈക്കോടതി അരവണ വിൽപ്പന തടഞ്ഞിരുന്നു. എന്നാൽ കീടനാശിനി സാന്നിധ്യം പരിശോധിച്ച ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ അരവണ ഭക്ഷ്യയോഗ്യമാണെന്ന് റിപ്പോർട്ട് നൽകിയിരുന്നു. അരവണ ഉത്പാദിപ്പിച്ച ശേഷം മാസങ്ങൾ പിന്നിട്ട സാഹചര്യത്തിൽ ഇത് ഭക്തർക്ക് വിൽക്കാൻ സാധിക്കില്ലെന്ന് ബോർഡ് കോടതിയോട് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കെട്ടി കിടക്കുന്ന അരവണ നശിപ്പിക്കാൻ സുപ്രീം കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്.
Discussion about this post