കൊച്ചി : ശ്രീനാരായണ ഗുരുദേവൻ ഹിന്ദു സന്യാസി ആയിരുന്നു എന്ന് ചിന്തകനും എഴുത്തുക്കാരനു മായ അഡ്വ.എ.ജയശങ്കർ പറഞ്ഞു. എറണാകുളം BTH ഹാളിൽ നടന്നപി.പരമേശ്വരൻ രചിച്ച”ശ്രീനാരായണഗുരു നവോത്ഥാനത്തിൻ്റെ പ്രവാചകൻ”- എന്ന ഗ്രന്ഥത്തിന്റെ ഒമ്പതാം പതിപ്പിന്റെ പ്രകാശനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെക്കൻ തിരുവിതാംകൂറിൽ മത പരിവർത്തനം തടയാനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകിയത് ഗുരുദേവനും, അയ്യാഗുരുവും, വൈകുണ്ഠ സ്വാമികളും, ചട്ടമ്പി സ്വാമികളും ആണ്. ആ ഭാഗത്ത് കൂടുതൽ നവോത്ഥാന ശ്രമങ്ങൾ ഉണ്ടാകാൻ കാരണം, അവിടെ ഉണ്ടായ മത പരിവർത്തന ശ്രമങ്ങളാണ്. സമാനമായ ശ്രമങ്ങൾ ബംഗാളിലും ഉണ്ടായി. ശ്രീരാമകൃഷ്ണ പരമഹംസനും സ്വാമി വിവേകാനന്ദനും ആണ് അവിടെ മത പരിവർത്തനത്തിനെ ചെറുത്തത് എന്ന് അദ്ദേഹം കൂട്ടി ചേർത്തു.
ഗുരുദേവനെ വിന്ധ്യന് അപ്പുറം പരിചയപ്പെടുത്തിയ കൃതിയാണ് പി.പരമേശ്വരൻ്റെ എന്ന് ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ച തപസ്യ ഉപാധ്യക്ഷനും ജന്മഭൂമി ന്യൂസ് എഡിറ്റരുമായ ശ്രീ.മുരളി പാറപ്പുറം അഭിപ്രായപെട്ടു. ഗുരുദേവനെ കുറിച്ച് തെറ്റായ വ്യാഖ്യാനങ്ങൾ നൽകാനാണ് ചില കേന്ദ്രങ്ങൾ ബോധപൂർവ്വം ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഗുരുദേവൻ മത പരിവർത്തന ശ്രമങ്ങളെ തടഞ്ഞു എന്ന് മാത്രമല്ല മതം മാറി പോയവരെ തിരികെ സ്വധർമ്മത്തിലേക്ക് കൊണ്ട് വരുവാൻ മുൻകൈ എടുത്ത ദാർശനികൻ കൂടെ ആണ് എന്ന് പുസ്തകം ഏറ്റുവാങ്ങി സംസാരിക്കവെ കുരുക്ഷേത്ര പ്രകാശൻ എം.ഡി. ശ്രീ.കാ.ഭാ.സുരേന്ദ്രൻ പറഞ്ഞു.ചടങ്ങിൽ വിശ്വസംവാദ കേന്ദ്രം അധ്യക്ഷൻ ശ്രീ എം രാജശേഖര പണിക്കർ അധ്യക്ഷത വഹിക്കുകയും അഡ്വ ആർ വി ശ്രീജിത്ത് സ്വാഗതവും ശ്രീ കെ എം മുകേഷ് കൃതജ്ഞതയും പറഞ്ഞു.
Discussion about this post