പാലക്കാട്: സനാതനധര്‍മത്തില്‍ വിശ്വസിക്കുന്നവരെല്ലാം ഹിന്ദുക്കളാണെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ ദേശീയ വൈസ് പ്രസിഡന്റും മനുഷ്യാവകാശ ഉപദേഷ്ടാവുമായ നുസ്രത്ത് ജഹാന്‍ വ്യക്തമാക്കി. മഹിളാ സമന്വയ സമിതി കല്ലേപ്പുള്ളി ക്ലബ് 6 കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച സ്ത്രീശക്തി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. സംഘാടക സമിതി അധ്യക്ഷ റിട്ട. ജില്ലാ ജഡ്ജ് ടി. ഇന്ദിര അധ്യക്ഷതവഹിച്ചു.
ഭാരതത്തില്‍ ജീവിക്കുന്ന ഞാനും ഹിന്ദുവാണെന്ന് പറയാന്‍ അഭിമാനമുണ്ട്. എനിക്ക് മുന്നില്‍ രാജ്യമല്ലാതെ സമുദായമില്ല. ഒരു വ്യക്തിയുടെ സംസ്‌കാരമാണ് ഹിന്ദുത്വം. അതില്‍ മതമില്ല. എന്നാല്‍, ബാക്കി മതങ്ങള്‍ പറയുന്നത് നേരെ തിരിച്ചാണ്. നമുക്ക് ആദ്യം വേണ്ടത് രാഷ്ട്രമാണ്. രാഷ്ട്രമുണ്ടെങ്കിലെ ജനതയും സമൂഹവും കുടുംബവുമുള്ളൂ. മുഗള്‍ സാമാജ്ര്യത്തെക്കുറിച്ചും, മറ്റും പഠിപ്പിക്കുന്നതിന് പകരം രാജ്യത്തിന് വേണ്ടി പോരാടിയ ഝാന്‍സി റാണി, ശിവജി എന്നിവരെക്കുറിച്ചാണ് പഠിപ്പിക്കേണ്ടത്. ചരിത്രത്തെകുറിച്ച് എഴുതിവെച്ചവര്‍ പഠിപ്പിച്ചുപോവുകയാണ് നാം. അതുശരിയല്ലെന്ന് നുസ്രത്ത് ജഹാന്‍ പറഞ്ഞു.
ഇന്ന് ഭാരതം മറ്റു രാജ്യങ്ങള്‍ക്ക് മുന്നിലെത്തിയെങ്കില്‍ അതിന് കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് അഭിമാനത്തോടെ പറയാന്‍ കഴിയും. തനിക്ക് സമുദായത്തില്‍ നിന്ന് എന്തെല്ലാം ആക്ഷേപം കേള്‍ക്കേണ്ടി വന്നാലും അതിന് ഗൗരവത്തിലെടുക്കുന്നില്ല. കാരണം രാജ്യമില്ലാതെ സമുദായമില്ലെന്നേ എനിക്ക് പറയാനുള്ളൂ. ഇന്ന് മുസ്ലീം സ്ത്രീകള്‍ പല കാര്യങ്ങളിലും മുന്നോട്ടുവരുന്നതിന് കാരണം അവര്‍ക്ക് കിട്ടിയ സ്വാതന്ത്ര്യത്താലാണ്. ഇതിന് കാരണം മുത്തലാഖ് നിരോധിച്ചതാണ്. മുത്തലാഖ് ഇല്ലാതാക്കിയതിനെതിരെ ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തുവന്നു. എന്നാല്‍ മുസ്ലീം സ്ത്രീകള്‍ക്കിടയില്‍ ഇക്കാര്യത്തില്‍ അനുഭാവപൂര്‍വമായ നിലപാടാണുള്ളത്. മറ്റുള്ളവരുടെ മതത്തേയും ആചാരങ്ങളെയും വിശ്വാസത്തെയും മിത്താണെന്ന് പറഞ്ഞയാള്‍ക്ക് സ്വന്തം മതം മിത്താണെന്ന് പറയാനുള്ള ആര്‍ജവമുണ്ടോയെന്നും അവര്‍ പറഞ്ഞു. ഭാരതീയ സംസ്‌കാരം ഉയര്‍ത്തിപ്പിടിച്ച് നാം മുന്നോട്ടുപോകണമെന്നും അവര്‍ ആഹ്വാനം ചെയ്തു. സ്ത്രീകള്‍ സമൂഹത്തില്‍ മുന്നോട്ടുവരുന്നതോടൊപ്പം വിദ്യാഭ്യാസത്തിന് പരമപ്രാധാന്യം നല്‍കണം. മറ്റെന്തുണ്ടെങ്കിലും വിദ്യാഭ്യാസമുണ്ടെങ്കിലേ നമ്മുടെ ലക്ഷ്യത്തിലെത്താന്‍ കഴിയൂ എന്നോര്‍ക്കണം.
ജന. കണ്‍വീനര്‍ പ്രമീള ശശിധരന്‍, സജി ശ്യാം സംസാരിച്ചു. ഭാരതീയ സ്ത്രീസങ്കല്‍പം, സ്ത്രീ സമൂഹം നേരിടുന്ന വെല്ലുവിളികളും പരിഹാരങ്ങളും, രാഷ്ട്രപുരോഗതിയില്‍ സ്ത്രീകളുടെ പങ്കാളിത്തം എന്നീ വിഷയങ്ങളെ അധികരിച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷ ഡോ. പ്രമീളാദേവി, ഫെഡറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയിലെ ഡോ. ആര്‍. അര്‍ച്ചന, ബാലഗോകുലം സംസ്ഥാന ഭഗിനി പ്രമുഖ് പി. കൃഷ്ണപ്രിയ സംസാരിച്ചു. ഡോ. ലതാനായര്‍, ഡോ. സൗദാമിനി മേനോന്‍, ജയ അച്യുതന്‍ എന്നിവര്‍ അധ്യക്ഷത വഹിച്ചു. മഹിളാമോര്‍ച്ച സംസ്ഥാനാധ്യക്ഷ അഡ്വ. നിവേദിത സമാപന പ്രഭാഷണം നടത്തി. ബ്രഹ്‌മകുമാരി മീന മുഖ്യപ്രഭാഷണം നടത്തി. ഭുവനേശ്വരി, എം. രാജലക്ഷ്മി, അഡ്വ. സിനി മനോജ്, ദീപാ മേനോന്‍, രാജേശ്വരി, തങ്കമണി ചന്ദ്രശേഖര്‍ സംസാരിച്ചു. അഡ്വ. എസ്. ശാന്താദേവി, ലക്ഷ്മി നന്ദകുമാര്‍, ഡോ. ലേഖ സുകുമാരന്‍, കെ.പി. ശശികല ടീച്ചര്‍, ഡോ. ശ്രീകുമാരി, ഗീതാ അച്യുതന്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ പ്രിയ അജയന്‍, രുക്മിണി ടീച്ചര്‍, മിനി കൃഷ്ണകുമാര്‍, ബിന്ദു രാജഗോപാല്‍, തിലകാവതി, പ്രസന്ന നാരായണന്‍, അശ്വതി മണികണ്ഠന്‍, ബേബി ചന്ദ്രന്‍, സുമതി സുരേഷ്, പി. സത്യഭാമ, സുനിത, സുമലത മുരളി നേതൃത്വം നല്‍കി.
നാടന്‍പാട്ടുകള്‍, നൃത്തം എന്നിവയും ഉണ്ടായിരുന്നു.
Discussion about this post