കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലാ സെനറ്റിലേക്ക് ഗവര്‍ണര്‍ നാമനിര്‍ദ്ദേശം ചെയ്തത് വ്യത്യസ്ത മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരെയാണെങ്കില്‍ വൈസ് ചാന്‍സലര്‍ നല്‍കിയ ലിസ്റ്റില്‍ ഇടം പിടിച്ചത് കടുത്ത സിപിഎം പക്ഷപാതമുള്ളവരും നേതാക്കളും നേതാക്കളുടെ ബന്ധുക്കളും. സെനറ്റ് മെംബറായിരിക്കെ തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ വിഴുങ്ങിയവര്‍ വരെ ഇതിലുള്‍പ്പെടും. നിരവധി ക്രിമിനല്‍ കേസില്‍ പ്രതികളായവരും ഇതിലുണ്ട്.
വിസിയുടെ ലിസ്റ്റില്‍ എഴുത്തുകാരായി പ്രത്യക്ഷപ്പെടുന്നത് ദേശാഭിമാനി യൂണിറ്റ് മാനേജര്‍ ഒ.പി. സുരേഷ്, ദേശാഭിമാനി എഡിറ്റര്‍ കെ.പി. മോഹനന്‍ എന്നിവരാണ്. ഇസ്ലാമിക മതതീവ്രവാദത്തിന് താത്വികവാദങ്ങള്‍ നിരത്തുന്ന കെ.ഇ.എന്‍. കുഞ്ഞഹമ്മദും ഇതില്‍പെടും.
മാധ്യമ പ്രവര്‍ത്തകരായി വിസി കണ്ടെത്തിയത് ദേശാഭിമാനി, കൈരളി എന്നിവിടങ്ങളിലുള്ളവരെ. ദേശാഭിമാനി തൃശ്ശൂര്‍ ന്യൂസ് എഡിറ്റര്‍ ഇ.എസ്. സുഭാഷ്, കോഴിക്കോട് പ്രത്യേക ലേഖകന്‍ പി.വി. ജിജോ, കൈരളി ടി.വി. മലബാര്‍ റീജിയണല്‍ എഡിറ്റര്‍ പി.വി. കുട്ടന്‍ എന്നിവരാണ് വിസി കണ്ടെത്തിയ മാധ്യമ പ്രവര്‍ത്തകര്‍.
വ്യവസായികളുടെ പട്ടികയില്‍ ഇടം പിടിച്ചത് മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ വി.കെ.സി. മമ്മദ് കോയയുടെ മകന്‍ വി.കെ.സി. റസാഖ് ആണ്. അഭിഭാഷകരുടെയും അധ്യാപകരുടെയും പട്ടികയില്‍ ഉള്‍പ്പെട്ടത് സിഐടിയു, ഡിവൈഎഫ്‌ഐ നേതാക്കളാണ്.
അഭിഭാഷകരുടെ പട്ടികയില്‍ ഇടം പിടിച്ചതില്‍ പെരിന്തല്‍മണ്ണ മുനിസിപ്പല്‍ ചെയര്‍മാന്‍ പി. ഷാജിയുടെ സഹോദരിയുമുണ്ട്. സിഐടിയു ജില്ലാ സെക്രട്ടറിയും മഞ്ചേരി നഗരസഭാ കൗണ്‍സിലറുമായ ഫിറോസ് ബാബു, ഡിവൈഎഫ്‌ഐ ഈസ്റ്റ് ബത്തേരി സെക്രട്ടറി അര്‍ജുന്‍ ദാസ്, എസ്എഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറിയും സിപിഎം നേതാവായ അഡ്വ.പി.എം. ആതിരയുടെ ഭര്‍ത്താവും മുന്‍ സെനറ്റ് മെമ്പറുമായ അഡ്വ.എം.ആര്‍. ഹരീഷ് എന്നിവരാണ്. കെഎസ്ടിഎ നേതാക്കളായ സുനില്‍ കുമാര്‍, പി.ടി. ഷാജി തുടങ്ങിയവരും ലിസ്റ്റിലുണ്ട്.
പാര്‍ട്ടി നേതാക്കളെയും ബന്ധുക്കളെയും തഴഞ്ഞതില്‍ രോഷം കൊണ്ടാണ് വിസിയുടെ പട്ടിക തള്ളി എന്ന് സിപിഎം പ്രചരിപ്പിക്കുന്നത്. വ്യത്യസ്ത മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരെ ചേര്‍ത്തത് സിപിഎമ്മിന് സഹിക്കുന്നില്ലെന്നത് മാത്രമല്ല വരാനിരിക്കുന്ന സിന്‍ഡിക്കേറ്റ് തെരഞ്ഞെടുപ്പില്‍ തിരിച്ചടി കിട്ടുമോ എന്ന ഭയവും ഈ വിലാപത്തിന് പിന്നിലുണ്ട്.
Discussion about this post