തിരുവനന്തപുരം: സർവകലാശാലകളെ പാർട്ടി ഓഫീസുകളാക്കി മാറ്റിക്കൊണ്ടിരിക്കുന്ന ഇടതുപക്ഷ സർക്കാരിന്റെ മുഖത്തേറ്റ പ്രഹരമാണ് കണ്ണൂർ സർവകലാശാല വിസി നിയമനം റദ്ദ് ചെയ്ത സുപ്രീം കോടതി വിധിയെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി എൻസിടി ശ്രീഹരി. സർവകലാശാലകൾ രാഷ്ട്രീയത്തിനതീതമായ സ്വയം ഭരണ സ്ഥാപനങ്ങളാണെന്ന പ്രഖ്യാപിത നയമാണ് ഇടതുപക്ഷ സർക്കാർ അധികാരമേറ്റ ശേഷം കാറ്റിൽ പറത്തിയത്. അതിനെതിരായി വലിയ സമരങ്ങൾ, പ്രക്ഷോഭങ്ങൾ ഉത്തരവാദിത്വപ്പെട്ട വിദ്യാർത്ഥി സംഘടനാ എന്ന നിലയിൽ എബിവിപി നയിച്ചിട്ടുണ്ട്. ഭരണകൂടത്തിന്റെ കൊടിയ മർദ്ധനങ്ങളടക്കം പ്രവർത്തകർക്ക് ഏറ്റുവാങ്ങേണ്ടിവന്നു. രാഷ്ട്രീയത്തിനതീതമായി സർവ്വകലാശാലകളിൽ ഒന്നും നടക്കാത്ത ദയനീയമായ അവസ്ഥ. അത്തരം നയങ്ങൾക്കേറ്റ കനത്ത പ്രഹരമാണ് സുപ്രീംകോടതി വിധി. കേരളത്തിലെ സർവകലാശാലകളിൽ ഭൂരിഭാഗവും പാർട്ടിക്കാരായ സ്വന്തക്കാരെ തിരുകി കയറ്റിയ ഇടതുപക്ഷം കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ തരിശു ഭൂമിയാക്കി. ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരത്തകർച്ച വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപ്പോക്കിനാണ് കാരണമായത്. കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയുടെ ഉയർത്തെഴുനേൽപ്പിന് പുത്തൻ പ്രതീക്ഷ നൽകുന്നത് കൂടിയാണ് ഈ വിധിയെന്ന് ശ്രീഹരി പറഞ്ഞു.
Discussion about this post