രാമക്ഷേത്രം ഉയരാനൊരുങ്ങുന്നതിന്റെ ആനന്ദത്തിലാണ് ഓരോ ഭാരതീയനും. ആനന്ദ തേരിലേറുമ്പോഴും പത്തനംതിട്ടയിലെ കോഴഞ്ചേരി നിവാസികളുടെ കണ്ണീർ മിഴികൾ ലോകത്തോട് ഒരുപാട് കഥകൾ പറയും. രാമക്ഷേത്രത്തിനായി സർവവും സമർപ്പിച്ച, അതിനായി ബൃഹത്തായ കാര്യങ്ങൾ ചെയ്ത ഒരു മനുഷ്യൻ യാത്രയായി. ഭാരതത്തിന്റെ തിലകക്കുറിയായ രാമക്ഷേത്രം ഭക്തർക്കായി തുറക്കുമ്പോൾ അത് കാണാൻ കുരുവിള എബ്രഹാം എന്ന ബാബുചേട്ടൻ ഇല്ലെന്ന യാഥാർത്ഥ്യത്തെ ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുകയാണ് കോഴഞ്ചേരി പ്രദേശം.
1980 കാലയളവിൽ 43-ാം വയസിലാണ് കുരുവിള എബ്രഹാം എന്ന ബാബുചേട്ടന്റെ സംഘത്തിലേക്കുള്ള പ്രവേശനം.പത്തനംതിട്ട കോഴഞ്ചേരി ടൗൺ ശാഖാ സ്വയംസേവകൻ. ധർമ്മത്തിന്റെ പക്ഷത്ത് നിലയുറപ്പിച്ച് ദേശീയ ചിന്താധാരയിൽ സജീവമാകാൻ മതം അദ്ദേഹത്തിനൊരു തടസമല്ലായിരുന്നു. മാർത്തോമാ സഭാ വിശ്വാസിയായിരുന്ന ബാബുചേട്ടൻ സംഘത്തിനൊപ്പം ചേർന്ന് ദേശീയ താത്പര്യതമുള്ള നിരവധി പ്രവർത്തനങ്ങളാണ് നടത്തിയത്. മതത്തിനതീതമായി ചെയ്ത ഓരോ പ്രവർത്തനങ്ങളും കാലങ്ങളോളം, തലമുറകളോളം സ്മരിക്കപ്പെടുമെന്നതിൽ സംശയമില്ല.
സംഘത്തിന്റെ പ്രാഥമിക ശിക്ഷണ ശിബിരവും (ITC) പ്രഥമ വർഷ സംഘ ശിക്ഷാ വർഗും (OTC) പൂർത്തിയാക്കി വിവിധ ചുമതലകൾ വഹിച്ചു. പിന്നീട് ഭാരതീയ ജനതാ പാർട്ടിയുടെ കോഴഞ്ചേരി പഞ്ചായത്ത് കമ്മറ്റിയുടെ അദ്ധ്യക്ഷ പദവിയിലും പ്രവർത്തിച്ചു. എല്ലാ മണ്ഡലകാലത്തും വ്രതമെടുത്ത് മല ചവിട്ടുന്ന പെരിയസ്വാമിയുമായിരുന്നു ബാബുചേട്ടൻ. സംഘമെന്ന വികാരത്തിൽ ബാബുചേട്ടന് മുന്നിൽ എല്ലാം തോൽവിയേറ്റ് വാങ്ങി.
1982- 83 ൽ നിലയ്‌ക്കൽ പ്രക്ഷോഭത്തിൽ പങ്കാളിയായി പോലീസ് ക്രൂരമായി തല്ലി ചതച്ചപ്പോഴും ബാബുചേട്ടൻ പിന്മാറിയില്ല. 1992-ൽ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട കർസേവയ്‌ക്കായി നിയുക്തമായ കോഴഞ്ചേരിയിൽ നിന്നുള്ള സംഘത്തിനെ നയിച്ചു ഉത്തർപ്രദേശിലെത്തിച്ചത് ഈ മനുഷ്യനായിരുന്നു. പിന്നീട് ഇവിടെ വെച്ചും പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ഒരു അറസ്റ്റിനും തല്ലിനും വഴങ്ങാൻ തയ്യാറല്ലാത്ത ധീരനായിരുന്നു ബാബുചേട്ടൻ എന്ന് ഓർക്കുകയാണ് നാട്ടുകാർ.
മുടങ്ങാതെ കുടുംബവുമൊത്ത് പള്ളിയിൽ പോകുമ്പോഴും നെറ്റിയിലെ കുറി മായാത്ത ബാബുച്ചേട്ടനെ മതത്തിനതീതമായി കോഴഞ്ചേരിക്കാർ സ്നേഹിച്ചു. രാമക്ഷേത്രം അടുത്ത മാസം ഭക്തജനങ്ങൾക്കായി തുറന്നുകൊടുക്കുമ്പോൾ ബാബുചേട്ടന്റെ ആത്മാവും അക്ഷതവുമേന്തി അയോദ്ധ്യയുടെ ഹൃദയഭൂമിയിൽ നിത്യശാന്തിയുടെ നിർവൃതിയുമായി ഉണ്ടാകും. ജയ് ശ്രീറാം..
Discussion about this post