വിനീത വേണാട്ട്
കോട്ടയം: ആരും തുണയേകാനില്ലാതെ പോയ കോട്ടയം കുമരകത്തുകാരി ജോസി മോളുടെ മുന്നില്‍ ഈശ്വരനെത്തിയത് സക്ഷമയുടെ രൂപത്തില്‍. വിരലുകള്‍ പൂര്‍ണമല്ലാത്തതിന്റെ പേരില്‍ ഒരിക്കല്‍ നിഷേധിക്കപ്പെട്ട ആധാര്‍ ജോസിമോളെ തേടിയെത്തുന്നു. അടഞ്ഞ വാതിലുകള്‍ തുറന്നാണ് സക്ഷമ പ്രവര്‍ത്തകര്‍ അവള്‍ക്ക് സഹായമെത്തിച്ചത്.
ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം കാണുന്ന മയോസൈറ്റിസ് ഒസ്സിഫികന്‍സ് പ്രോഗ്രസ്സീവ് എന്ന രോഗം ബാധിച്ച് ചലിക്കാന്‍ പോലുമാവാതെ 26 വര്‍ഷമായി ഒരേ കിടപ്പാണ് പള്ളിത്തോപ്പ് പുത്തന്‍പറമ്പില്‍ വീട്ടില്‍ ജോസ്-ലൂസി ദമ്പതിമാരുടെ മകളായ, നാല്പത്തിമൂന്നുകാരി ജോസി. ഇരുകൈകളിലേയും കാലുകളിലെയും വിരലുകള്‍ക്ക് പൂര്‍ണതയില്ല. അതുകൊണ്ടുതന്നെ ബയോമെട്രിക് വിവരശേഖരണം അസാധ്യമാണെന്ന് പറഞ്ഞ് ആധാര്‍ നിഷേധിക്കപ്പെട്ടു. ആധാറില്ലാത്തതിനാല്‍ ഭിന്നശേഷിക്കാര്‍ക്ക് കിട്ടേണ്ട ആനുകൂല്യങ്ങളും അകന്നുപോയി. കേന്ദ്രസര്‍ക്കാര്‍ ഭിന്നശേഷിക്കാര്‍ക്ക് നല്കുന്ന ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷിക്കാനും സാധിച്ചില്ല. സാമൂഹ്യ ക്ഷേമ പെന്‍ഷന്‍പോലും നിലയ്ക്കുന്ന സ്ഥിതിയെത്തി.
ആധാര്‍ കാര്‍ഡിന് വേണ്ടി ഏഴെട്ടു വര്‍ഷമായി മുട്ടാത്ത വാതിലുകളില്ല. കാണാത്ത അധികൃതരില്ല. മന്ത്രി വി.എന്‍.വാസവനേയും മാറിമാറി വന്ന ജില്ലാ കളക്ടര്‍മാരേയുമൊക്കെ കണ്ട് പരാതി ബോധിപ്പിച്ചു. ആധാര്‍ എന്റോള്‍മെന്റിലെ സാങ്കേതിക പ്രശ്‌നത്തിന്റെ പേരുപറഞ്ഞ് അവരെല്ലാം കൈയൊഴിഞ്ഞു. അങ്ങനെയിരിക്കെ അവിചാരിതമായാണ് ആബ്‌ടെക് ജൈവവള നിര്‍മാണ കമ്പനിയില്‍ എക്‌സിക്യൂട്ടിവായ, സക്ഷമയുടെ ആലപ്പുഴ ജില്ലാ സമിതിയംഗം വിജീഷ് വിശ്വംഭരന്‍ കഴിഞ്ഞ വെള്ളിയാഴ്ച ജോസിമോളുടെ കുടുംബത്തെ കണ്ടുമുട്ടിയത്. വിഷമതകള്‍ അറിഞ്ഞപ്പോള്‍ സക്ഷമ കോട്ടയം ജില്ലാ ഘടകത്തെ ബന്ധപ്പെടുന്നതിനുള്ള നമ്പര്‍ കൈമാറി. അവര്‍ ആ നമ്പറില്‍ വിളിച്ചു. എല്ലാ വാതിലുകളും അടഞ്ഞവര്‍ക്കുമുന്നില്‍ പ്രതീക്ഷയുടെ ഇത്തിരിവെട്ടവുമായി സക്ഷമയുടെ ദിവ്യാംഗ ക്ഷേമസമിതി പ്രവര്‍ത്തകര്‍ അടുത്ത ദിവസം ജോസിമോളുടെ വീട്ടിലെത്തി.
ആധാറില്ലാത്തകാരണം ജോസിമോള്‍ അനുഭവിക്കുന്ന ദുരിതം വിശദമാക്കുന്ന പരാതി സക്ഷമയുടെ സംസ്ഥാന ഓഫീസില്‍നിന്ന് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ഓഫീസിലേക്ക് അയച്ചു. മന്ത്രിയുടെ ഇടപെടല്‍ ഉടനുണ്ടായി. ന്യൂദല്‍ഹിയിലുള്ള ആധാര്‍ അതോറിറ്റിയോട് ജോസിമോള്‍ക്ക് ആധാര്‍ നല്കുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്കി. കോട്ടയം ജില്ലാ ഭരണകൂടവുമായി അവര്‍ ആശയവിനിമയം നടത്തി.
ജില്ലാകളക്ടര്‍ വി. വിഘ്‌നേശ്വരിയുടെ നിര്‍ദേശപ്രകാരം ജില്ലാ അക്ഷയ ഓഫീസും ഐടി മിഷനും ചേര്‍ന്ന് സംസ്ഥാന യുഐഡിഐ ഡയറക്ടറെ സമീപിച്ചു. ഡയറക്ടര്‍ വിനോദ് ജേക്കബ് ജോണിന്റെ പറഞ്ഞത് അനുസരിച്ച് അക്ഷയ സെന്റര്‍ ജീവനക്കാര്‍ ജോസിമോളുടെ വീട്ടിലെത്തി നേത്രപടലത്തിന്റെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിച്ചു. അന്നുതന്നെ വിവരങ്ങള്‍ എന്റോള്‍ ചെയ്തു. യുഐഡിഎഐയുടെ അനുമതി കൂടി കിട്ടിയ ശേഷം ആധാര്‍ കാര്‍ഡ് രണ്ടാഴ്ചയ്ക്കുള്ളില്‍ ജോസിമോളുടെ മേല്‍വിലാസത്തിലെത്തും.
ഭിന്നശേഷിക്കാരായ ഒരാള്‍ക്കുപോലും ആധാര്‍ നിഷേധിക്കരുതെന്ന് കേന്ദ്രസര്‍ക്കാരിന്റെ സര്‍ക്കുലര്‍ ഉണ്ടെന്നിരിക്കെ, നിരവധി പേര്‍ക്ക് ഇപ്പോഴും ആധാര്‍ നിഷേധിക്കപ്പെടുന്ന അവസ്ഥയാണുള്ളതെന്നും ഈ വിഷയത്തില്‍ ശക്തമായി ഇടപെടാനാണ് സക്ഷമയുടെ തീരുമാനമെന്നും ജോസിമോളുടെ പ്രശ്‌നത്തില്‍ സജീവമായി ഇടപെട്ട സക്ഷമ കോട്ടയം ജില്ലാ സെക്രട്ടറി ശ്രീജിത്ത്.എന്‍. ജന്മഭൂമിയോട് പറഞ്ഞു. വീട്ടിലൊരു ടിവി വേണമെന്ന ജോസിമോളുടെ ആവശ്യവും നിറവേറ്റിക്കൊടുത്തതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് സക്ഷമ പ്രവര്‍ത്തകര്‍.
Discussion about this post