കോട്ടയം: ശബരിമല തീര്‍ത്ഥാടകര്‍ക്ക് സന്നിധാനത്ത് മരണക്കെണി ഒരുക്കിയ ദേവസ്വം ബോര്‍ഡിന്റെ കെടുകാര്യസ്ഥതതയ്‌ക്കെതിരെ സംസ്ഥാനത്തെ ജില്ലാകേന്ദ്രങ്ങളില്‍ ഇന്ന് പ്രാര്‍ത്ഥനാസദസ് സംഘടിപ്പിക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ഇ. എസ്. ബിജു അറിയിച്ചു.
സന്നിധാനത്ത് തിക്കിലും, തിരക്കിലും പെട്ട് പത്മശ്രീ എന്ന കുഞ്ഞു മാളികപ്പുറം മരിച്ച സംഭവം തീരാദു:ഖത്തിന് കാരണമായിരിക്കയാണ്.ശബരിമല തീര്‍ത്ഥാടകരോട് സര്‍ക്കാരിന്റെ അനാസ്ഥയും, അടിസ്ഥാന സൗകര്യമൊരുക്കുന്നതില്‍ ദേവസ്വം ബോര്‍ഡിന് വന്ന ഗുരുതരമായ വീഴ്ചയുമാണ് പ്രധാനകാരണം.
ശബരിമല തീര്‍ത്ഥാടനത്തിന് സുഗമമായ പദ്ധതികള്‍ നടപ്പിലാക്കിയെന്ന് അവകാശപ്പെടുന്ന സര്‍ക്കാരും ദേവസ്വം ബോര്‍ഡും അടിസ്ഥാന സൗകര്യങ്ങള്‍ പോലും ശബരിമലയില്‍ ഒരുക്കാന്‍ തയ്യാറായിട്ടില്ല എന്ന ഖേദകരമായ സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നതെന്ന് ബിജു പറഞ്ഞു.
ശബരിമലയില്‍ എത്തുന്ന വിവിഐപികള്‍ക്ക് ദര്‍ശന സൗകര്യമൊരുക്കുന്ന ദേവസ്വം ബോര്‍ഡ്. സാധാരണ ഭക്തരെ തീര്‍ത്ഥാടന വഴിയില്‍ തടഞ്ഞുനിര്‍ത്തി നരകയാതനകളിലേക്ക് തള്ളിവിടുകയാണ്. തിരക്ക് നിയന്ത്രിക്കാന്‍ പരിശീലനം നേടിയ ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാരുടെ അഭാവം സന്നിധാനത്ത് സംഭവിച്ച ദുരന്തത്തിന് കാരണമാണ്. പരിചയസമ്പന്നരായ ഉദ്യോഗസ്ഥരെ ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കാതെ ദേവസ്വം ബോര്‍ഡിനോട് നിസ്സഹകരണം പ്രഖ്യാപിച്ചിരിക്കുകയാണ് പോലീസ് വകുപ്പെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കാന്‍ സന്നദ്ധരായ ഭക്തജന സംഘടനകളെ അകറ്റിനിര്‍ത്തി ഹോട്ടല്‍ ലോബികള്‍ക്കും, കോണ്‍ട്രാക്ട് മാഫിയകള്‍ക്കും ലാഭം കൊയ്യാന്‍ അവസരം ഒരുക്കുകയാണ് ബോര്‍ഡ്.
തീര്‍ത്ഥാടകര്‍ക്ക് സൗകര്യം ഒരുക്കുന്നതില്‍ ഇടപെടാതെ ദേവസ്വം മന്ത്രി പാര്‍ട്ടി ജാഥയില്‍ അണിചേരുകയാണ്. തീര്‍ത്ഥാടനം കുളം തോണ്ടുകയെന്ന ഉദ്ദേശ്യത്തോടെ ദേവസ്വം ബോര്‍ഡും പോലീസും വെര്‍ച്ചല്‍ ക്യൂവിന്റെ പേരില്‍ പരസ്പരം മത്സരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പടുത്തി.
Discussion about this post