കൊച്ചി: ഭാരതത്തിന്റെ തിളക്കം മറ്റ് നാടുകളിലും മതിപ്പു നേടുകയാണെന്നും മുമ്പ് പാശ്ചാത്യ നാടുകളിലും അറബിനാടുകളിലും അവജ്ഞ നേരിടേണ്ടിവന്ന ഭാരതീയര്‍ക്ക് ഇന്ന് ആ സ്ഥിതി ഇല്ലെന്നും ആര്‍എസ്എസ് മുന്‍ അഖില ഭാരതീയ കാര്യകാരി സദസ്യന്‍ എസ്. സേതുമാധവന്‍ അഭിപ്രായപ്പെട്ടു. ഭാരതീയ വിചാരകേന്ദ്രം എറണാകുളം ജില്ല കമ്മറ്റി സംഘടിപ്പിച്ച പ്രതിമാസ പരിപാടിയില്‍ ‘ഭാരതത്തിന്റെ വര്‍ത്തമാന പരിതസ്ഥിതിയില്‍ പൗരന്മാരുടെ ചുമതല’ എന്ന വിഷയത്തില്‍ പ്രബന്ധാവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതത്തെ കൊള്ളയടിക്കാന്‍ വന്ന അറബികളും പാശ്ചാത്ത്യരും ഭാരതത്തെ അടക്കിഭരിച്ചു. നമ്മുടെ അഭിമാനത്തെ, സംസ്‌കാരത്തെ, ആത്മാഭിമാനത്തെ മാറ്റിമറിച്ചു. കാശ്മീര്‍ മുതല്‍ കന്യാകുമാരിവരെ പന്തലിച്ച് കിടക്കുന്ന ഭാരതീയ സംസ്‌കാരത്തെ തച്ചുടയ്ക്കാനാണവര്‍ ശ്രമിച്ചത്. അവര്‍ വന്നതിന് ശേഷമാണ് ഇവിടെ പുരോഗതി ഉണ്ടായതെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിച്ചു. എന്നാല്‍ അവര്‍ പരാജയപ്പെട്ടു. ഭാരതത്തിന്റെ അഖണ്ഡത തകര്‍ക്കാന്‍ ശ്രമിച്ച അവര്‍ വിദ്യാഭ്യാസരീതിയെ തന്നെ മാറ്റി മറിച്ചു. എന്നാല്‍ ഭാരതത്തിന്റെ ആന്തരികശക്തി അതിന് വിഘാതമായി. ഇന്ന് ഭാരതത്തെ എല്ലാവരും സ്വീകരിക്കുന്ന അവസ്ഥ സംജാതമായി.
ഭാരതം സ്വതന്ത്രമായതിനുശേഷം നാടിന്റെ തനിമയെ അംഗീകരിക്കാതെ ബ്രിട്ടീഷ് ചിന്താഗതിയെ അടിച്ചേല്‍പിക്കാന്‍ നമ്മുടെ ഭരണാധികാരികള്‍ ശ്രമിച്ചു. നാടിന്റെ ഉയര്‍ച്ചയ്ക്കും ശ്രേയസിനും വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിത്വങ്ങളെ പിന്നിലേക്ക് വലിച്ചു. തെറ്റായ വിവരങ്ങള്‍ പഠിപ്പിച്ചു. – അദ്ദേഹം പറഞ്ഞു.
കേരളം വൃദ്ധസദനമായി മാറിക്കൊണ്ടിരിക്കുന്നു. വിദ്യാഭ്യാസത്തിനായി മറ്റ് നാടകളില്‍ പോകുന്ന വിദ്യാര്‍ഥികള്‍ തിരിച്ച് നാട്ടിലേക്ക് വരുന്നില്ല. നമ്മുടെ നാടിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ ഇന്നുമുണ്ട്. മതേതരപാര്‍ട്ടികളും ജിഹാദികളും ഇന്ന് ഒത്തുകൂടിയിരിക്കുകയാണ്. ജനത്തെ പ്രബുദ്ധരാക്കി, ദേശീയ ബോധം വളര്‍ത്തി ഇത്തരം ശക്തികളെ തുടച്ച് നീക്കാന്‍കഴിയും.
പെറ്റമ്മയും പിറന്ന നാടും സ്വര്‍ഗത്തേക്കാള്‍ മഹത്തരമെന്ന് പഠിപ്പിക്കുന്ന സംസ്‌കാരത്തെ പ്രതിലോമ ശക്തികള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നു. വളര്‍ന്ന് വരുന്ന തലമുറയ്ക്ക് ശരിയായ ദേശീയബോധവും ദേശഭക്തിയും പകര്‍ന്ന് നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍കൂടി നമ്മുടെ സംസ്‌കാരത്തെ അവരില്‍ എത്തിക്കണം. ജാതി ചിന്തകള്‍ തുടച്ച് നീക്കാന്‍ ശ്രീനാരായണ ഗുരുവും അയ്യങ്കാളിയും ശ്രമിച്ചു, ഒരുപുത്തന്‍ അന്തരീക്ഷം ഉയര്‍ത്തിക്കൊണ്ടുവന്നു. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്ന് ന്യൂനപക്ഷ, ജാതിചിന്തകള്‍ വളര്‍ത്തി രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുന്നു.
ജാതി വിവേചനം ഉയര്‍ത്തി കാണിച്ച് ഹിന്ദു സമൂഹത്തെ പിളര്‍ത്തുവാനുള്ള ശ്രമം നടന്നു കൊണ്ടിരിക്കുകയാണെന്നും ഓരോ ഭാരതിയനും നാടിന്റെ ഭാവി ശോഭനമാക്കാന്‍ ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാരതീയ വിചാരകേന്ദ്രം ജില്ല പ്രസിഡന്റ് ഡോ. സി.എം ജോയ് ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ വിചാര കേന്ദ്രം പൊതു കാര്യദര്‍ശി അരവിന്ദാക്ഷന്‍ നായര്‍ പി.എസ്, സുകേഷ് പ്രഭാകര്‍ എന്നിവര്‍ പ്രസംഗിച്ചു.
Discussion about this post