കൊച്ചി: ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയുടെ സന്ദേശവുമായി കേരളമാകെ മഹാ സമ്പർക്കം. കുട്ടികൾ മുതൽ വയോധികർ വരെ സമ്പർക്കത്തിൽ പങ്കാളികളായി. ഇന്ന് ഒരു ദിവസം കൊണ്ട് ഇരുപത് ലക്ഷം വീടുകളിലാണ് അയോദ്ധ്യയിൽ പൂജിച്ച അക്ഷതവും പ്രാണ പ്രതിഷ്ഠയുടെ സന്ദേശവുമെത്തിച്ചത്.
പതിനാല് ദിവസമായി സമ്പർക്കം തുടരുന്ന 36000 ബാച്ചുകൾക്ക് പുറമെ സ്ത്രീകളുടെ പതിനായിരം സംഘങ്ങളും സമ്പർക്ക പരിപാടിയിൽ പങ്കാളികളായി. മുപ്പതിനായിരം സ്ത്രീകൾ രാമസന്ദേശവുമായി വീടുകൾ കയറിയെന്ന് ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര സമിതി സംയോജകൻ ടി.വി. പ്രസാദ് ബാബു അറിയിച്ചു. ശ്രീരാമ ജപവുമായി എത്തിയ സമ്പർക്ക സംഘത്തെ ഭക്തിയോടെയാണ് ഓരോ വീടും വരവേറ്റത്. നിലവിളക്ക് കൊളുത്തി ആരതി ഉഴിഞ്ഞ് പ്രാർത്ഥനയോടെയാണ് ജനങ്ങൾ അക്ഷതം ഏറ്റുവാങ്ങിയത്.
ഇടുക്കിയിലെ കോവിലൂർ, മറയൂർ, കാന്തല്ലൂർ വനമേഖലകളിലും തമിഴ് ഗ്രാമങ്ങളിലും ആവേശകരമായ പ്രതികരണമാണ് സമ്പർക്ക പരിപാടികൾക്ക് ലഭിച്ചത്. സേവാവ്രതി കളായ വനിതകളുടെ നേതൃത്വത്തിലാണ് ഈ മേഖലയിൽ സമ്പർക്കം പൂർത്തിയാക്കിയത്. കോഴിക്കോട് മഹാസമ്പർക്ക ദിനത്തിന്റെ ഭാഗമായി കർസേവകരുടെ കുടുംബസംഗമം നടന്നു. ഇരുനൂറിലധികം പേർ പങ്കെടുത്തു.
Discussion about this post