കൊച്ചി: അയോദ്ധ്യാ രാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്ന പുണ്യ മുഹൂർത്തത്തിൽ കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും വീടുകളിലും രാമ ജ്യോതി തെളിയിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാമായണ മാസം ആചരിക്കുന്ന നാടാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു. പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾക്ക് മുന്നോടിയായുള്ള വ്രതത്തിലാണ് താനെന്നും അതിനോടനുബന്ധിച്ചുള്ള ആചാരാനുഷ്ഠാനങ്ങൾ താൻ പാലിക്കുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ബിജെപി പ്രവർത്തകരുടെ ശക്തികേന്ദ്ര സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ജനുവരി 22-ന് അയോദ്ധ്യയിലെ ഭവ്യമായ രാമക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടക്കുകയാണ്. കോടാനുകോടി ജനങ്ങളുടെ വിശ്വാസവും ഭക്തിയും നിറയുന്ന മുഹൂർത്തമാണിത്. പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾക്ക് മുന്നേ ആചരിക്കേണ്ട മര്യാദകളും ആചാരങ്ങളും അനുഷ്ഠാനങ്ങളും ഞാൻ പാലിച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞ ദിവസങ്ങളായി രാജ്യത്തെ അനേകം ക്ഷേത്രങ്ങൾ ദർശിക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചു. അവിടെ ശുചീകരണത്തിൽ ഏർപ്പെടാനുള്ള സൗഭാഗ്യം ലഭിക്കുകയും ചെയ്തു. നിങ്ങളുടെ ഗ്രാമങ്ങളിലെയും നഗരങ്ങളിലേയും ക്ഷേത്രങ്ങൾ നിങ്ങളും വൃത്തിയാക്കാണം”.
“ജനുവരി മാസം 22-ന് പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾ അയോദ്ധ്യയിൽ നടക്കും. ആ സമയം രാജ്യത്തെ എല്ലാ വീടുകളിലും എല്ലാ ക്ഷേത്രങ്ങളിലും ശ്രീരാമ ജ്യോതി തെളിയണം. ഒരു മാസം മുഴുവൻ രാമായണത്തിന് വേണ്ടി സമർപ്പിക്കുന്ന നാടാണ് കേരളം. ഇവിടെ രാമായണ മാസം ആചരിക്കുന്നു. അതിനാൽ കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും വീടുകളിലും ക്ഷേത്രങ്ങളിലും സമ്പൂർണ ഭക്തിയോടുകൂടി പ്രാണ പ്രതിഷ്ഠാ ദിനത്തിൽ രാമ ജ്യോതി തെളിയിക്കണം”- പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post