മലപ്പുറം: പൂജ്യ മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30 ന് “ഗാന്ധിയെ കൊന്നത് ആർഎസ്എസ്” എന്ന പേരിൽ യൂത്ത് കോൺഗ്രസ് നടത്താൻ നിശ്ചയിച്ചിട്ടുള്ള പരിപാടി രാജ്യത്തെ നിയമ വ്യവസ്ഥയോടുള്ള തികഞ്ഞ അനദരവും സമൂഹത്തെ തെറ്റി ധരിപ്പിക്കുന്നതിന് ഉള്ള ശ്രമവും ആണെന്ന് ആർഎസ്എസ് മലപ്പുറം വിഭാഗ് കാര്യകാരി അഭിപ്രായപെട്ടു. ഗാന്ധി വധത്തെ തുടർന്ന് നടത്തിയ അന്വേഷണങ്ങൾ എല്ലാം ആർഎസ്എസ് ന് ആ ഹീന കൃത്യത്തിൽ പങ്കില്ല എന്ന് കണ്ടെത്തുകയും കോടതി പ്രസ്തുത കാര്യം ആവർത്തിച്ച് വ്യക്തമാക്കിയതുമാണ്. ജസ്റ്റിസ് കെ. ടി. തോമസിനെ പോലെ ഉള്ള നിയമജ്ഞർ ഈ കാര്യം ആവർത്തിച്ച് വ്യക്തമാക്കിയിട്ടും നടത്തുന്ന ഇത്തരം പ്രചാരണങ്ങൾ ദുരുദ്ദേശത്തോടെയുള്ളതും രാജ്യത്തെ നിയമ വ്യവസ്ഥയെ വെല്ലു വിളിക്കുന്നതും ആണ്. സമൂഹത്തിലെ സമാധാന അന്തരീക്ഷം തകർക്കുന്ന ഇത്തരം പരിപാടികൾക്ക് ഭരണകൂടം അനുമതി നൽകാൻ പാടില്ലാത്തതാണ്. ഇതിനായി ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുകയും ആവശ്യമായ നിയമ നടപടികൾ കൈക്കൊള്ളുകയും ചെയ്യും എന്നും കാര്യകാരി അറിയിച്ചു.
Discussion about this post