കൊച്ചി: കേരളത്തിൽ ചാവേറാക്രമണത്തിന് പദ്ധതിയിട്ട കേസിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ റിയാസ് അബൂബക്കറിന് പത്ത് വർഷം കഠിന തടവ് വിധിച്ച് കോടതി. കൊച്ചിയിലെ എൻഐഎ കോടതിയുടേതാണ് വിധി.
വിവിധ വകുപ്പുകൾ പ്രകാരം 25 വർഷം കഠിന തടവുണ്ടെങ്കിലും, ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. 1,25,000 പിഴയും കോടതി വിധിച്ചു. നാല് വർഷം പ്രതി ജയിലിൽ കഴിഞ്ഞ കാലാവധി ശിക്ഷയിൽ ഇളവ് ചെയ്യും. പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും തെളിഞ്ഞിരുന്നു.
യുഎപിഎ പ്രകാരമുള്ള രണ്ട് കുറ്റങ്ങൾ ഉൾപ്പടെ പ്രതിക്കെതിരെ മൂന്ന് കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. കാസർകോട് ഐഎസ് കേസിന്റെ തുടർച്ചയായി നടത്തിയ അന്വേഷണത്തിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ റിയാസ് അബൂബക്കർ എൻഐഎയുടെ പിടിയിലായത്. കേരള ഘടകം ഉണ്ടാക്കി ചാവേർ സ്ഫോടങ്ങൾക്ക് പദ്ധതിയിടുകയായിരുന്നു. അഞ്ച് വർഷത്തിലേറെയായി അബൂബക്കർ ജയിലിലാണ്.
ചുമത്തിയ എല്ലാ വകുപ്പുകള്‍ പ്രകാരവും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. യുഎപിഎ 38, 39, ഐപിസി 120 ബി വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കാസര്‍കോട് ഐഎസ് കേസിന്റെ ഭാഗമായാണ് ഈ കേസും. പാലക്കാട് കൊല്ലങ്കോട് സ്വദേശിയാണ് റിയാസ് അബൂബക്കര്‍. കേസില്‍ റിയാസ് അബൂബക്കര്‍ മാത്രമാണ് പ്രതി. 2018 മെയ് 15 നാണ് റിയാസ് അബൂബക്കറിനെ ഭീകരാക്രമണ കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കല്‍ നിന്ന് നിരവധി ഡിജിറ്റല്‍ തെളിവുകള്‍ പിടിച്ചെടുത്തിരുന്നു.
ശ്രീലങ്കന്‍ സ്ഫോടനപരമ്പരയുടെ ആസൂത്രകനുമായി ചേര്‍ന്ന് കേരളത്തില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടുവെന്നാണ് റിയാസ് അബൂബക്കറിനായുള്ള കേസ്. ഇതിന് പുറമേ ഇയാള്‍ സ്വയം ചാവേറാകാന്‍ പദ്ധതിയിട്ടിരുന്നുവെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍.
ഭീകരാക്രമണത്തിനായി കേരളത്തില്‍ നിന്നുള്ള യുവാക്കളെ റിയാസ് സോഷ്യല്‍ മീഡിയ വഴി സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിന്റെ തെളിവുകള്‍ ഇയാളില്‍ നിന്ന് പിടിച്ചെടുത്ത ഡിജിറ്റല്‍ ഉപകരണങ്ങളില്‍ കണ്ടെത്തിയിരുന്നു.
Discussion about this post