വയനാട്: വയനാട്ടിൽ ജനങ്ങൾ കലാപത്തിലേക്ക് കടക്കരുതെന്ന ആഹ്വാനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചശേഷം മാനന്തവാടി രൂപതാ ആസ്ഥാനത്ത് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കലാപം ജനാധിപത്യത്തിനു വിരുദ്ധമാണെന്നും അത്തരം സന്ദർഭങ്ങൾ ഉണ്ടാകാൻ പാടില്ലെന്നും ഗവർണർ പറഞ്ഞു. എന്നാൽ ആ സാഹചര്യത്തിലേക്ക് എത്തപ്പെട്ടു. 1947ൽ വലിയ പ്രശ്നമുണ്ടായി. അന്നു വലിയ നേതാക്കൾ ഉൾപ്പെടെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ഇടപെടുകയായിരുന്നു. ഞാൻ ഉൾപ്പെടെയുള്ള ഭരണാധികാരികൾക്കു വലിയ ഉത്തരവാദിത്തമുണ്ട്. വയനാട്ടിലെ ജനം നിരാശയിലാണ്. കേന്ദ്രസർക്കാരുമായും സംസ്ഥാനസർക്കാരുമായും വിഷയം ചർച്ച ചെയ്യുമെന്നും ഗവർണർ അറിയിച്ചു.
വയനാട്ടിൽ വന്യമൃഗാക്രമണങ്ങളിൽ കൊല്ലപ്പെട്ട പടമല പനച്ചിയിൽ അജീഷ്, പുൽപ്പള്ളി പാക്കം വെള്ളച്ചാലിൽ പോൾ, ബത്തേരി മുടക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രജീഷ് എന്നിവരുടെ വീടുകളാണ് ഗവർണർ സന്ദർശിച്ചത്. കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ ശരത്തിനെയും ഗവർണർ സന്ദർശിച്ചു. ഇതിനു പിന്നാലെയാണ് ഗവർണർ രൂപതാ ആസ്ഥാനത്തെത്തിയത്.
Discussion about this post