കൊച്ചി: കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിനുള്ള ഫണ്ട് കൃത്യമായി ലഭ്യമാക്കണമെന്നും ഇതിനേക്കാള്‍ ഉയര്‍ന്ന മുന്‍ഗണന മറ്റൊന്നിനുമില്ലെന്നും ജസ്റ്റിസ് മുഹമ്മദ് നിയാസ് വാക്കാല്‍ നിരീക്ഷിച്ചു. ഉച്ചഭക്ഷണ പദ്ധതിക്കുള്ള ഫണ്ട് വിതരണത്തിലെ ക്രമക്കേട് ആരോപിച്ചുള്ള ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഹര്‍ജി 26നു പരിഗണിക്കാനായി മാറ്റി.
ഉച്ചഭക്ഷണ പദ്ധതി പ്രകാരം 2024 ജനുവരി മാസത്തെ ഉച്ചഭക്ഷണ പാചകച്ചെലവ് 2024 ഫെബ്രുവരി 24 നകം ലഭ്യമാക്കുമെന്നും തുക വിതരണം ചെയ്യുമെന്നും ഗവ.പ്ലീഡര്‍ കേരള ഹൈക്കോടതിയെ അറിയിച്ചു. കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷനും ചില സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ പ്രധാനാധ്യാപകരുമാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായാണ് സര്‍ക്കാര്‍ ഈ പദ്ധതി അവതരിപ്പിച്ചത്. കേന്ദ്രവും സംസ്ഥാനവും അനുവദിക്കുന്ന ഫണ്ടിലാണ് പദ്ധതി പ്രവര്‍ത്തിക്കുന്നത്. ഓരോ വര്‍ഷവും രണ്ട് ഗഡുക്കളായാണ് കേന്ദ്രം സംസ്ഥാനത്തിന് വിഹിതം നല്‍കുന്നത്. ആദ്യ ഗഡുവിനുള്ള പണം കേന്ദ്രം വൈകിപ്പിച്ചുവെന്നും അതിന്റെ ഫലമായി പദ്ധതിക്കുള്ള ഫണ്ട് ലഭിക്കുമെന്നും സംസ്ഥാനം ആരോപിച്ചു.
പദ്ധതിക്ക് കീഴില്‍ അനുവദിച്ച തുക യഥാര്‍ത്ഥ ചെലവിന്റെ 50% പോലും വഹിക്കാന്‍ പര്യാപ്തമല്ലെന്നും പ്രധാനാധ്യാപകര്‍ക്ക് അവരുടെ ശമ്പളത്തില്‍ നിന്നും വായ്പയെടുത്ത ഫണ്ടില്‍ നിന്നുമാണ് പലപ്പോഴും പദ്ധതിയുടെ ചെലവ് വഹിക്കുന്നതെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു. അനുവദിച്ച ഫണ്ട് പോലും യഥാസമയം വിതരണം ചെയ്യുന്നില്ലെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.
സ്‌കീം നടത്തിപ്പിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഹെഡ്മാസ്റ്റര്‍മാരെ ഒഴിവാക്കി ഒരു സ്വതന്ത്ര ഏജന്‍സിയെ ഏല്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. പദ്ധതി നടപ്പാക്കുന്നതിനുള്ള ചെലവുകള്‍ എല്ലാ മാസവും മുന്‍കൂറായി നല്‍കിയില്ലെങ്കില്‍ പദ്ധതി നടപ്പാക്കാന്‍ പ്രധാനാധ്യാപകര്‍ ബാധ്യസ്ഥരല്ലെന്ന നിര്‍ദേശം പുറപ്പെടുവിക്കണമെന്നാണ് ഹര്‍ജിക്കാരുടെ മറ്റൊരു ആവശ്യം.
Discussion about this post