കൊയിലാണ്ടിയിലെ സിപിഎം നേതാവിന്റെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന വ്യാജ പ്രചാരണവുമായി എൽഡിഎഫ് നേതാക്കൾ. കേസിൽ സിപിഎം പ്രവർത്തകൻ അറസ്റ്റിലാവുകയും കുറ്റസമ്മതം നടത്തുകയും ചെയ്തതോടെ വെട്ടിലായ നേതാക്കൾ പിന്നീട് സോഷ്യൽ മീഡിയയിൽ നിന്നും പോസ്റ്റ് മുക്കുകയായിരുന്നു. മുൻ എംഎൽഎ സ്വരാജ്, എംഎൽഎ വിജിൻ, മുൻ എംഎൽഎ പി.കെ ശശി എന്നിവരാണ് കൊലപാതകത്തിന്റെ ഉത്തരവാദിത്വം ആർഎസ്എസിന്റെ തലയിൽ കെട്ടിവയ്‌ക്കാൻ ശ്രമിച്ചത്. തുടർന്ന് ഇവർ ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവയ്‌ക്കുകയായിരുന്നു.
സഖാവ് പി.വി സത്യനാഥിനെ ആർഎസ്എസ് ക്രിമിനലുകൾ അമ്പലപ്പറമ്പിൽ വച്ച് വെട്ടിക്കൊലപ്പെടുത്തിയെന്നും സഖാക്കൾ പ്രതിഷേധിക്കണം എന്നുമായിരുന്നു എം. വിജിൻ എംഎൽഎയുടെ വിവാദ ഫേസ്ബുക്ക് പോസ്റ്റ്. വർഗീയ പ്രത്യയശാസ്ത്രമാണ് ആർഎസ്എസിനെ നയിക്കുന്നതെന്നും കുറിപ്പിലുണ്ടായിരുന്നു. ഒടുവിൽ വിവാദം കനത്തതോടെ പോസ്റ്റ് തിരുത്തുകയായിരുന്നു വിജിൻ.
വിജിന്റെ പോസ്റ്റിലെ അതേ വരികളാണ് പി.കെ ശശിയും പങ്കുവച്ചത്. ആർഎസ്എസ് ഭീകരതയുടെ ഒടുവിലത്തെ ഇരയാണ് സത്യനാഥനെന്ന് എം. സ്വരാജും പോസ്റ്റിട്ടു. പിന്നീട് കമന്റുകളിലൂടെ ശക്തമായ വിമർശനം നേരിട്ടതോടെ പോസ്റ്റ് കളഞ്ഞ് മറ്റൊന്ന് പങ്കുവയ്‌ക്കുകയായിരുന്നു സ്വരാജ്.
സിപിഎം പ്രവർത്തകർക്കിടയിലെ തമ്മിൽ തല്ലും തർക്കവും വ്യക്തിവൈരാഗ്യവും കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു എന്ന വസ്തുത പുറത്തുവന്നതോടെ എൽഡിഎഫ് നേതാക്കൾക്കെതിരെ അതിരൂക്ഷ വിമർശനമാണ് ഉയർന്നത്.
അതേസമയം കൊയിലാണ്ടിയിലെ സത്യനാഥിന്റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി. ഇയാളുടെ ശരീരത്തിൽ 6 മുറിവുകൾ ആഴത്തിൽ പതിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മുത്താമ്പി ചെറിയപുറം ക്ഷേത്രത്തിന് സമീപം ഇന്നലെ രാത്രിയായിരുന്നു കൊലപാതകം നടന്നത്. കൊയിലാണ്ടി ടൗൺ സെൻട്രൽ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്നു കൊല്ലപ്പെട്ട സത്യനാഥൻ. സംഭവത്തിൽ സിപിഎം മുൻ ബ്രാഞ്ച് കമ്മിറ്റിയംഗം അഭിലാഷാണ് അറസ്റ്റിലായത്.
Discussion about this post