കൊച്ചി: നർത്തകനും നൃത്താധ്യാപകനും അന്തരിച്ച നടൻ കലാഭവൻ മണിയുടെ സഹോദരനുമായ ഡോ ആർഎൽവി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം. നർത്തകിയായ കലാമണ്ഡലം സത്യഭാമയാണ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹത്തിനെതിരെ ജാതി അധിക്ഷേപം നടത്തിയത്. കാക്കയുടെ നിറമായതുകൊണ്ട് മോഹിനിയാട്ടം അത്തരക്കാർക്ക് ചേരുന്നതല്ല. മോഹിനിയാട്ടം സ്ത്രീകൾക്കുള്ളതാണ് എന്നും സത്യഭാമ അധിക്ഷേപിച്ചു.
മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന വ്യക്തികൾ. സൗന്ദര്യമുള്ള പുരുഷന്മാർ ആണ് മോഹിനിയാട്ടം കളിക്കേണ്ടത്. കാക്കയുടെ നിറമുള്ളവരെ മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നും കലാമണ്ഡലം സത്യഭാമ പരാമർശിച്ചു. ജാതി അധിക്ഷേപത്തിനെതിരെ ആർഎൽവി രാമകൃഷ്ണന്‍ രംഗത്തെത്തി. കലാമണ്ഡലം എന്ന അതുല്യനാമം പേരോടു ചേർത്ത ഒരു കലാകാരി വീണ്ടും വീണ്ടും ആക്ഷേപിച്ചു കൊണ്ടിരിക്കുകയാണ്. തനിക്ക് കാക്കയുടെ നിറമാണ് എന്നും തന്നെ കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല എന്നും ഇവർ പറഞ്ഞു.
ഇതാദ്യമായല്ല കലാമണ്ഡലം സത്യഭാമ തന്നെ അധിക്ഷേപിക്കുന്നത്. താൻ മോഹിനിയാട്ട രംഗത്ത് നിലകൊള്ളുന്നതും മോഹിനിയാട്ടത്തിൽ പിഎച്ച്ഡി എടുക്കുന്നതിലും ഇവർക്ക് താല്പര്യമില്ലായിരുന്നു. ഇങ്ങനെയുള്ള വ്യക്തികൾ കാരണം ഒരു പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചു നിൽക്കാൻ പറ്റാത്ത സാഹചര്യമാണ് ഇന്നുള്ളത് എന്ന് അദ്ദേഹം പ്രതികരിച്ചു. ഈ സംഭവത്തിൽ നിയമനടപടിക്ക് ഒരുങ്ങുന്നതായും ആർഎൽവി രാമകൃഷ്ണൻ പ്രതികരിച്ചു.
Discussion about this post