കൊല്ലം: ബസ് സ്റ്റോപ്പിൽ കൈ കാണിച്ചിട്ടും നിർത്താതെ പോയ കെഎസ്ആർടിസി ഡ്രൈവറെ പാഠം പഠിപ്പിച്ച് യാത്രക്കാരൻ. കൊല്ലം കൊട്ടരക്കരയിലാണ് സംഭവം. സ്റ്റോപ്പുണ്ടെന്ന് അറിയില്ലെന്ന് പറഞ്ഞ് ഒഴിയാൻ ശ്രമിച്ച ഡ്രൈവറെ കൊണ്ട് ഇമ്പൊസിഷൻ എഴുതിച്ചാണ് യാത്രക്കാരൻ പാഠം പഠിപ്പിച്ചത്.
തിരക്കില്ലാതിരുന്നിട്ടും കോട്ടയത്തേക്കുള്ള ബസ് എംസി റോഡിലെ വാളകം എംഎൽഎ ജംഗ്ഷനിൽ നിർത്തിയില്ല. ബസിന്റെ ഡ്രൈവർ ആരാണെന്ന് അറിയാനായി യാത്രക്കാരൻ ഡിപ്പോയിലേക്ക് വിളിച്ച് അന്വേഷിച്ചു. രാത്രിയോടെ ഡ്രൈവർ പരാതിക്കാരനെ ഫോണിൽ ബന്ധപ്പെട്ടു.
എറണാകുളം ജില്ലയിൽ നിന്ന് ഒരാഴ്ച മുൻപ് ഡിപ്പോയിലെത്തിയതാണെന്നും എംഎൽഎ ജംഗ്ഷനിൽ സ്റ്റോപ്പുള്ള കാര്യം അറിയില്ലെന്നുമായിരുന്നു വിശദീകരണം. എല്ലാ ഡ്രൈവർമാരും
സ്റ്റോപ്പുകൾ അറിഞ്ഞിരിക്കേണ്ടതല്ലെയെന്നും വകുപ്പുമന്ത്രിയുടെ സ്വന്തം നാട്ടിലെയും മുൻ വകുപ്പുമന്ത്രി കൂടിയായ ആർ ബാലകൃഷ്ണപ്പിള്ളയുടെ പേരിലുള്ള ബസ് സ്റ്റോപ്പ് അല്ലേ ഇതെന്ന് അറിയില്ലെ എന്നായിരുന്നു യാത്രക്കാരന്റെ മറുചോദ്യം. സംഭവം ഉന്നതരിലേക്ക് എത്തിക്കുമെന്നായിരുന്നു യാത്രക്കാരൻ പറഞ്ഞത്.
പിന്നാലെ സമവായത്തിനായി എന്ത് വേണമെന്നായി ഡ്രൈവർ. വാളകം എംഎൽഎ ജംഗ്ഷനിൽ സൂപ്പർ ഫാസ്റ്റിന് സ്റ്റോപ്പുണ്ടെന്ന് 50 തവണ ഇമ്പൊസിഷൻ എഴുതി വാട്സാപ്പിൽ ഇടാനായിരുന്നു പരാതിക്കാരന്റെ മറുപടി. അധികം വൈകാതെ തന്നെ ഇമ്പൊസിഷൻ വാട്സാപ്പിലെത്തി.
Discussion about this post