തൃശ്ശൂര്‍ : മാര്‍ഗദര്‍ശക മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ തൃശ്ശൂരില്‍ നടന്ന സംന്യാസി സംഗമം ചരിത്രത്തിന്റെ ഭാഗമാകുന്നു. നവോത്ഥാന മൂല്യങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട് ആചാരാനുഷ്ഠാനങ്ങളില്‍ കാലോചിതമായ പരിഷ്‌കാരങ്ങള്‍ വേണമെന്ന നിര്‍ദേശം ശ്രദ്ധേയമാണ്. നിയമം മൂലം ജാതീയത അവസാനിച്ചുവെങ്കിലും ഇന്നും തുടരുന്ന വിവേചനങ്ങള്‍ അനാചാരമാണെന്നും അവസാനിപ്പിക്കണമെന്നും സംന്യാസി സമൂഹം ചൂണ്ടിക്കാണിക്കുന്നു.
ജാതി വിവേചനം മനസുകളില്‍ നിന്നു പോലും പൂര്‍ണമായും ഇല്ലാതാകണം. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചുള്ള പല ആചാരങ്ങളും കാലാനുസൃതമായി പരിഷ്‌കരിക്കണമെന്നും സംന്യാസി സംഗമം ആവശ്യപ്പെട്ടു.
ക്ഷേത്രങ്ങളെ സേവന പ്രവര്‍ത്തനങ്ങളുടെയും ആദ്ധ്യാത്മിക സാധനയുടെയും കേന്ദ്രങ്ങളാക്കി മാറ്റണമെന്ന നിര്‍ദേശവും കേരള സമൂഹത്തില്‍ ചരിത്രപരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. ഇതാദ്യമായാണ് കേരളത്തില്‍ ഇത്രയധികം സംന്യാസിമാര്‍ ഒത്തുചേര്‍ന്ന് ഒരു സമ്മേളനവും തീരുമാനങ്ങളും. ഹിന്ദു സമൂഹത്തിന്റെ ഐക്യത്തിനായി നിലകൊള്ളണമെന്ന ആഹ്വാനവും സംന്യാസി സംഗമത്തെ ശ്രദ്ധേയമാക്കുന്നു.
ശ്രീരാമകൃഷ്ണ മിഷന്‍, ചിന്മയ മിഷന്‍, ശിവഗിരി മഠം, മാതാ അമൃതാനന്ദമയി മഠം എന്നിവിടങ്ങളില്‍ നിന്നെല്ലാം സംന്യാസി-സംന്യാസിനിമാര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. കേരളത്തിലെ എല്ലാ സമ്പ്രദായങ്ങളില്‍ നിന്നുമുള്ള സംന്യാസിമാര്‍ സമ്മേളനത്തിന് എത്തിയതും ഇതാദ്യമായാണ്. ക്ഷേത്രങ്ങളില്‍ നടന്നുവരുന്ന തൂക്കം പോലെയുള്ള ചടങ്ങുകള്‍ അവസാനിപ്പിക്കണമെന്ന് സംന്യാസി സംഗമം അംഗീകരിച്ച പ്രമേയത്തില്‍ പറയുന്നു. പുരുഷന്മാര്‍ക്ക് ക്ഷേത്രങ്ങളില്‍ ഷര്‍ട്ടിട്ട് പ്രവേശനം അനുവദിക്കണം. യാതൊരു അടിസ്ഥാനവുമില്ലാത്ത ചില ആചാരങ്ങള്‍ അന്ധമായി തുടരുന്നത് അവസാനിപ്പിക്കണം എന്നാണ് പ്രമേയത്തിന്റെ അന്തസത്ത.
ക്ഷേത്ര ചടങ്ങുകളും ആചാരങ്ങളും കേന്ദ്രീകരിച്ചുള്ള മാറ്റങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് അവസരമുണ്ടാകണമെന്ന് മാര്‍ഗദര്‍ശക മണ്ഡലം അധ്യക്ഷനായ സ്വാമി ചിദാനന്ദപുരി ചൂണ്ടിക്കാണിക്കുന്നു. സംന്യാസിമാര്‍ മുന്നോട്ടുവെച്ച ഈ അഭിപ്രായങ്ങള്‍ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മറ്റുള്ളവരും ചര്‍ച്ചചെയ്ത് ഉചിതമായ തീരുമാനമെടുക്കണമെന്നാണ് മാര്‍ഗ്ഗദര്‍ശക മണ്ഡലത്തിന്റെ അഭിപ്രായം. ക്ഷേത്രം തന്ത്രിമാര്‍, പൂജാരിമാര്‍, ക്ഷേത്ര സമിതികള്‍, ദേവസ്വം ബോര്‍ഡ് തുടങ്ങിയവരെല്ലാം ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു കാലാനുസൃതമായ തീരുമാനം കൈക്കൊള്ളണം. ശ്രീനാരായണഗുരുദേവനും ചട്ടമ്പിസ്വാമികളും തുടങ്ങിവെച്ച നവോത്ഥാനത്തെ മുന്നോട്ടുകൊണ്ടുപോകുന്ന പ്രക്രിയയാണ് മാര്‍ഗദര്‍ശക മണ്ഡലത്തിന്റെ സംന്യാസി സംഗമം എടുത്ത തീരുമാനങ്ങളെന്നും സ്വാമി ചിദാനന്ദപുരി ചൂണ്ടിക്കാണിക്കുന്നു.
Discussion about this post