തിരുവനന്തപുരം: സേവാഭാരതി ജില്ലാ സമിതിയുടെ കാരുണ്യത്തില്‍ വനവാസി പെണ്‍കുട്ടി മംഗല്യവതിയായി. അമ്പൂരി ആറുകാണി മേലേമണ്ണടി രമ്യ ഹൗസില്‍ രവീന്ദ്രന്‍ കാണിയുടേയും എസ് ജലജയുടേയും മകള്‍ ആര്‍ രമ്യയ്‌ക്കാണ് സേവാഭാരതി തുണയായത്.
സ്വകാര്യ സ്‌കൂളിലെ അദ്ധ്യാപികയാണ് രമ്യ. കുടുംബത്തിന്റെ പ്രാരാബ്ധം കാരണം വിവാഹാലോചനകള്‍ മുടങ്ങുന്ന സാഹചര്യമായിരുന്നു. അമ്മ ജലജ ഉദര രോഗത്തില്‍ ചികിത്സയിലുമാണ്. കുടുംബത്തിന് ലഭിക്കുന്ന ലഭിക്കുന്ന വരുമാനം ജലജയുടെ ചികിത്സാ ചെലവുകള്‍ കഴിഞ്ഞാല്‍ നിത്യവൃത്തിക്ക് പോലും തികയാത്ത സാഹചര്യം.
കേരള-തമിഴ്‌നാട് അതിര്‍ത്തി കേന്ദ്രീകരിച്ചുള്ള സേവാഭാരതി പ്രവര്‍ത്തകനിലൂടെയാണ് രമ്യയുടെ ദുരവസ്ഥ സേവാഭാരതി ജില്ലാ സമിതിയിലെത്തുന്നത്. തുടര്‍ന്ന് രവീന്ദ്രന്‍ കാണിയെ നേരില്‍കണ്ട് രമ്യയുടെ വിവാഹത്തിന് വേണ്ട എല്ലാ സഹായവും ഉറപ്പ് നല്‍കുകയായിരുന്നു.
വിവാഹാലോചന മുതല്‍ വിവാഹം വരെ സേവാഭാരതി കുടുംബത്തിന് സഹായിയായി. അമ്പൂരി സര്‍വ്വീസ് സഹകരണ ബാങ്ക് ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ തമിഴ്‌നാട് കുടപ്പനമൂട് വിട്ടിയോട് എസ്പി ഭവനില്‍ കെ.സുരേന്ദ്രന്‍ കാണിയുടേയും ആര്‍.പത്മാവതിയുടെയും മകന്‍ എസ്.സൂരജ് രമ്യയ്‌ക്ക് വരണമാല്യം ചാര്‍ത്തി.
ജില്ലാ സേവാഭാരതി നേതൃത്വം വഹിച്ച പതിനൊന്നാമത് വിവാഹവും കൂടിയാണിത്. കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളിലാണ് പതിനൊന്ന് വനവാസി പെണ്‍കുട്ടികള്‍ മംഗല്യഭാഗ്യമൊരുക്കിയത്. ആര്‍എസ്എസ് കന്യാകുമാരി ജില്ലാ സംഘചാലക് രാജേന്ദ്രന്‍, സേവാഭാരതി മുഴുവന്‍ പൂര്‍ണസമയ പ്രവര്‍ത്തക രജനി, ദേശീയ സേവാഭാരതി സംസ്ഥാന വൈസ് പ്രസിഡന്റ് ഡി. വിജയന്‍, ജനറല്‍ സെക്രട്ടറി ഗോപകുമാര്‍, വിഭാഗ് സേവാ പ്രമുഖ് പി.പ്രസന്നകുമാര്‍, വനമേഖല സംയോജകന്‍ വിനുകുമാര്‍, കാളിമല ക്ഷേത്ര സെക്രട്ടറി സുചിത് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Discussion about this post