കോഴിക്കോട്: കലയിലൂടെ നല്‍കുന്നത് ആത്മീയ വിദ്യാഭ്യാസമാണെന്ന് കവി പി.പി. ശ്രീധരനുണ്ണി. കുട്ടിക്കാലം മുതല്‍ കലോപാസനയിലൂടെ ആത്മീയവിദ്യാഭ്യാസം നേടണം. കുട്ടിക്കാലം മുതല്‍ കലയിലൂടെ ആത്മീയ വിദ്യാഭ്യാസം ലഭിക്കുമ്പോള്‍ ഭാരത്തിലെ ആര്‍ഷസംസ്‌കൃതിയുമായി ഇഴുകിച്ചേരാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
കുട്ടിക്കാലം മുതല്‍ കുട്ടികളെ അത്തരത്തില്‍ വാര്‍ത്തെടുക്കുന്ന ബാലഗോകുലം നിര്‍വഹിക്കുന്നത് കലയിലൂടെയുള്ള ആത്മീയ വിദ്യാഭ്യാസമാണെന്നും ശ്രീധരനുണ്ണി പറഞ്ഞു. ബാലഗോകുലം സംസ്ഥാന കലോത്സവം സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രീധരനുണ്ണി.
കേസരി മുഖ്യപത്രാധിപര്‍ ഡോ.എന്‍.ആര്‍. മധു ബാലഗോകുല സന്ദേശം നല്‍കി. കലനിഷിദ്ധമായ മരുഭൂമിയിലെ സംസ്‌കാരം ചാവേറുകളെ സൃഷ്ടിക്കുന്നു. എന്നാല്‍ ഭാരതം കലയിലൂടെ നിര്‍വഹിക്കുന്നത് ഈശ്വരാരാധനയാണെന്നും എന്‍.ആര്‍ മധു പറഞ്ഞു.
കഥകളിയും കൂത്തും കൂടിയാട്ടവുമെല്ലാം കലയിലൂടെ ആത്മമോക്ഷം സാധ്യമാകുമെന്ന് ബോധ്യപ്പെടുത്തിയവരാണ് ഭാരതീയരെന്നും അദ്ദേഹം പറഞ്ഞു. കല നമുക്ക് നിഷിദ്ധമായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്‍. പ്രസന്ന കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എന്‍.സജി കുമാര്‍, മുന്‍ സംസ്ഥാന അധ്യക്ഷന്‍ ടി.പി.രാജന്‍, ഡോ.ശങ്കര്‍ മഹാദേവന്‍, മേഖലാ ഉപാധ്യക്ഷന്‍ പി.എം ശ്രീധരന്‍, ജില്ലാ സെക്രട്ടറി പ്രവീണ്‍ ചന്ദ്ര എന്നിവര്‍ പ്രസംഗിച്ചു.
Discussion about this post