പത്തനംത്തിട്ട: മേട മാസപൂജകള്‍ക്കും വിഷു പൂജകള്‍ക്കുമായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്ര നട ഏപ്രില്‍ 10ന് വൈകുന്നേരം അഞ്ചു മണിക്ക് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി പി.എന്‍. മഹേഷ് നമ്പുതിരി ക്ഷേത്രശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിക്കും. ശേഷംഗണപതി, നാഗര്‍ എന്നീ ഉപദേവതാ ക്ഷേത്ര നടകളും മേല്‍ശാന്തി തുറന്ന് വിളക്കുകള്‍ തെളിക്കും.
പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയില്‍ മേല്‍ ശാന്തി അഗ്‌നി പകര്‍ന്നു കഴിഞ്ഞാല്‍ അയ്യപ്പഭക്തര്‍ക്ക്ശരണം വിളികളുമായി പതിനെട്ടാം പടി കയറി അയ്യനെ കണ്ടുതൊഴാനാകും. മാളികപ്പുറം മേല്‍ശാന്തി മുരളി നമ്പൂതിരി മാളികപ്പുറം ക്ഷേത്ര നടതുറന്ന് ഭക്തര്‍ക്ക് മഞ്ഞള്‍പ്പൊടി പ്രസാദം വിതരണം ചെയ്യും.
നട തുറക്കുന്ന ദിവസം പ്രത്യേക പൂജകള്‍ ഒന്നും തന്നെ ഇരു ക്ഷേത്രങ്ങളിലും ഉണ്ടാവില്ല. 11 ന് പുലര്‍ച്ചെ 5 മണിക്ക് ക്ഷേത്രനട തുറക്കും. 11 ാം തീയതി മുതല്‍ നെയ്യഭിഷേകം ഉണ്ടായിരിക്കും. മേടം ഒന്നായ ഏപ്രില്‍ 14 ന് പുലര്‍ച്ചെ 3 മണിക്ക് തിരുനട തുറക്കും. തുടര്‍ന്ന് വിഷുക്കണി ദര്‍ശനവും കൈനീട്ടം നല്‍കലും. പിന്നേട് പതിവ് അഭിഷേകവും നെയ്യഭിഷേകവും ഗണപതി ഹോമവും നടക്കും. പൂജകള്‍ പൂര്‍ത്തിയാക്കി ഏപ്രില്‍ 18ന് തിരുനട അടയ്‌ക്കും.
Discussion about this post