കോട്ടയം: ജനങ്ങള്‍ക്ക് അവകാശപ്പെട്ടത് നല്‍കുന്നത് ഭരണനേട്ടമായി പറയാന്‍ ആവില്ലെന്നും ജനങ്ങള്‍ക്ക് അവശ്യസേവനം നല്‍കുന്നത് സര്‍ക്കാരിന്റെ ഔദാര്യമല്ല, ബാധ്യതയാണെന്നും ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനെ ഓര്‍മിപ്പിച്ചു. റംസാന്‍, വിഷു ചന്തകള്‍ തുടങ്ങാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ നിരീക്ഷണം. റംസാന്‍, വിഷു ചന്തകള്‍ വിലക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കണ്‍സ്യൂമര്‍ഫെഡ് ഹൈക്കോടതിയില്‍ എത്തിയത്. വാങ്ങിയ വിലയ്‌ക്ക് സാധനങ്ങള്‍ വില്‍ക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനുവേണ്ടി ഹാജരായ ദീപുലാല്‍ മോഹനും ചൂണ്ടിക്കാട്ടി. ഇതേത്തുടര്‍ന്നാണ് ചന്തകള്‍ നടത്താന്‍ ഹൈക്കോടതി അനുമതി നല്‍കിയത്.സര്‍ക്കാരിന്‌റെ സബ്‌സിഡി നല്‍കുന്നതിന് തെരഞ്ഞെടുപ്പ് കഴിയുംവരെ വിലക്കുണ്ട്. കണ്‍സ്യൂമര്‍ഫെഡിന് സ്വന്തം നിലയ്‌ക്ക് സബ്‌സിഡി നല്‍കാവുന്നതും തിരഞ്ഞെടുപ്പുകഴിഞ്ഞ് സര്‍ക്കാരില്‍ നിന്ന് വാങ്ങിയെടുക്കാവുന്നതുമാണ്. ചന്തകള്‍ സംസ്ഥാനസര്‍ക്കാര്‍ സ്‌പോണ്‍സേഡ് എന്ന നിലയ്‌ക്ക് വോട്ടര്‍മാര്‍ക്കുമുന്നില്‍ പ്രചരണത്തിന് ഉപാധിയാക്കാന്‍ പാടില്ലെന്ന് കോടതി കര്‍ക്കശമായി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
Discussion about this post