ഇടുക്കി: മംഗളാദേവി ക്ഷേത്രത്തിലെ ചിത്രാപൗര്‍ണ്ണമി ഉത്സവം 23ന് നടക്കും. അന്ന് രാവിലെ ആറ് മുതല്‍ ഉച്ചയ്‌ക്ക് 2.30 വരെ മാത്രമേ കുമളിയില്‍ നിന്ന് ഭക്തരെ കടത്തിവിടുകയുള്ളൂ. വൈകിട്ട് 5.30നുള്ളില്‍ ഭക്തര്‍ തിരികെ മടങ്ങണം. രാവിലെ നാല് മുതല്‍ കേരള, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥര്‍, പൂജാരിമാര്‍ എന്നിവരെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കും. അഞ്ചുമണിയോടെ അന്നദാനത്തിനുള്ള ഭക്ഷണം എത്തിക്കും. ഓഫ് റോഡ് യാത്രയ്‌ക്ക് അനുയോജ്യമായ ഫോര്‍ വീലര്‍ മാത്രമേ കടത്തിവിടുകയുള്ളൂ. ഒരു കാരണവശാലും ഇരുചക്രവാഹനങ്ങള്‍ അനുവദിക്കില്ല. ട്രിപ്പ് ജീപ്പുകള്‍ ലഭ്യമാണ്. ഡിസ്‌പോസിബിള്‍ പാത്രങ്ങളില്‍ ആഹാരം അനുവദിക്കില്ല. മദ്യവും മാംസവും വിലക്കിയിട്ടുണ്ട്.
മംഗളദായിനി സങ്കല്‍പ്പത്തിലുള്ള ഭദ്രകാളി (കണ്ണകി) ആണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. പെരിയാര്‍ കടുവ സംരക്ഷണകേന്ദ്രത്തിന് 14 കിലോമീറ്റര്‍ ഉള്ളിലായാണ് ഈ ക്ഷേത്രം. സമദ്രനിരപ്പില്‍ നിന്നും ഏകദേശം 1,337 മീറ്റര്‍ ഉയരത്തിലുമാണ്.
പുരാതന ചേരനാട്ടിലെ മഹാരാജവായിരുന്ന ചേരന്‍ ചെങ്കുട്ടുവന്‍ ഏകദേശം 2000 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ചുവെന്നാണ് ചരിത്രം.
‘ചിത്രാപൗര്‍ണമി’ നാളില്‍ ധാരാളം ഭക്തര്‍ ക്ഷേത്രം സന്ദര്‍ശിക്കാറുണ്ട്. കേരളത്തിലെ 108 ദുര്‍ഗ്ഗാലയങ്ങളില്‍ ഉള്‍പ്പെട്ട ക്ഷേത്രമാണിത്. 1980 നു ശേഷം തമിഴ്നാടുമായി അവകാശ തര്‍ക്കം നിലനില്‍ക്കുന്നു. ഇരു സര്‍ക്കാരുകളും ചേര്‍ന്നാണ് തീര്‍ത്ഥാടകര്‍ക്കുള്ള ഒരുക്കങ്ങള്‍ ചെയ്യുന്നത്.
Discussion about this post