തിരുവനന്തപുരം : കെ എസ് ആര്‍ ടി സി ബസ് നടുറോഡില്‍ തടഞ്ഞ് ഡ്രൈവറുമായി വാക്കേറ്റം നടത്തിയ മേയര്‍ ആര്യാ രാജേന്ദ്രനും ബന്ധുക്കള്‍ക്കുമെതിരെ കേസെടുക്കില്ലെന്ന് പൊലീസ്. കുറ്റകൃത്യം നടത്തുന്നത് തടയുകയാണ് മേയറും ഭര്‍ത്താവ് സച്ചിന്‍ദേവ് എം എല്‍ എയും ബന്ധുക്കളും ചെയ്തതെന്നാണ് പൊലീസ് വാദം.
നേരത്തേയും മേയറെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. ഡ്രൈവര്‍ക്കെതിരെ മേയര്‍ നല്‍കിയ പരാതിക്ക് കൗണ്ടര്‍ പരാതിയാണ് ഡ്രൈവര്‍ നല്‍കിയത് എന്നാണ് പൊലീസിന്റെ ആദ്യം മുതലുളള നിലപാട്.
അതേസമയം മേയര്‍ക്കെതിരെ ഡി ജി പിക്കും, പൊലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിരിക്കുകയാണ് യദു. എന്നിട്ടും കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് തീരുമാനം.
താനും കുടുംബവും സഞ്ചരിച്ച സ്വകാര്യ കാറിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ചാണ് മേയര്‍ തിരുവനന്തപുരം നഗരമധ്യത്തിലെ പാളയത്ത് വച്ച് കെ എസ് ആര്‍ ടി സി ബസ് തടഞ്ഞിട്ടത്. തുടര്‍ന്ന് മേയറുടെ ഒപ്പമുണ്ടായിരുന്ന ആള്‍ നിന്റെ അച്ഛന്റെ വകയാണോ റോഡെന്ന് ആക്രോശിച്ച് ഡ്രൈവറോട് തട്ടിക്കയറുകയായിരുന്നു. തുടര്‍ന്ന് മേയര്‍ ബസിന്റെ ഡോര്‍ വലിച്ച് തുറന്ന് ഡ്രൈവറുമായി വാക്കേറ്റത്തിലേര്‍പ്പെട്ടു. പിന്നാലെ ഗതാഗത മന്ത്രിയെയും പൊലീസ് ഉന്നതരെയും വിളിച്ച് പറഞ്ഞ ശേഷം ഡ്രൈവര്‍ക്കെതിരെ പരാതി നല്‍കി.ഇതില്‍ ഉടന്‍ തന്നെ കേസെടുക്കുകയും ചെയ്തു പൊലീസ്.
മേയര്‍ അറിയിച്ച പ്രകാരം രാത്രി 10.30 ഓടെ തന്നെ സംഭവ സ്ഥലത്തെത്തിയ പൊലീസ് ഡ്രൈവറെ പൊലീസ് സറ്റേഷനിലെത്തിച്ച് പിറ്റേന്ന് രാവിലെ 10.30 ഓടെ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയയ്‌ക്കുകയായിരുന്നു.
ബസ് തടഞ്ഞിട്ടത് വിവാദമായതോടെ സൈഡ് നല്‍കാത്തതിനല്ല ഡ്രൈവര്‍ അശ്ലീല ആംഗ്യം കാട്ടിയതിനാണ് വാക്കേറ്റമുണ്ടായതെന്ന നിലപാടിലാണ് മേയര്‍. ഭാവിയില്‍ ഒരു സ്ത്രീക്കും ഇത്തരം അനുഭവം ഉണ്ടാകാതിരിക്കാനാണ് പ്രതികരിച്ചതെന്നും പറയുന്നു. മാധ്യമങ്ങള്‍ വാര്‍ത്ത വളച്ചൊടിച്ചെന്നും മേയര്‍ ആരോപിച്ചു.
കെഎസ്ആര്‍ടിസി ഡ്രൈവറുമായുളള തര്‍ക്കത്തില്‍ നിയമപരമായി മുന്നോട്ട് പോകുമെന്നും അറിയിച്ചു.ഇങ്ങനെ ഒരു വിഷയം വരുമ്പോള്‍ കക്ഷി രാഷ്‌ട്രീയത്തിന് അതീതമായി എല്ലാവരും ഒന്നിച്ചു നില്‍ക്കും എന്ന് കരുതി. സ്ത്രീപക്ഷമാണ് എന്ന് പറയുന്നവരൊന്നും സ്ത്രീപക്ഷമല്ല എന്നും മേയര്‍ കുറ്റപ്പെടുത്തി.
Discussion about this post