തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തേണ്ടതില്ലെന്ന് സർക്കാർ തീരുമാനം. വൈദ്യുതി പ്രതിസന്ധിക്ക് മറ്റ് വഴികൾ തേടാൻ കെഎസ്ഇബിയോട് നിർദേശിക്കുകയും ചെയ്തു. വൈദ്യുതി മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കെഎസ്ഇബി ഉന്നതതല യോഗത്തിലാണ് ലോഡ് ഷെഡിങ് വേണ്ടമെന്ന കെഎസ്ഇബിയുടെ ആവശ്യം സർക്കാർ നിരാകരിച്ചത്.
നിലവിലെ സാഹചര്യത്തിൽ ലോഡ് ഷെഡിങ് അനുവാര്യമാണെന്ന് കെഎസ്ഇബി യോഗത്തിൽ ആവർത്തിച്ചു. എന്നാൽ ഇത് അംഗീകരിക്കാതെ ബദൽ മാർഗങ്ങൾ തേടാൻ സർക്കാർ ആവശ്യപ്പെട്ടതോടെ വൈദ്യുതി ഉപഭോഗം കൂടുതലുള്ള പ്രദേശത്തെ ട്രാന്‍സ്‌ഫോര്‍മറുകള്‍ക്ക് വേണ്ടത്ര ശേഷിയില്ലാത്ത മേഖലകളില്‍ താല്‍ക്കാലിക വൈദ്യുതി നിയന്ത്രണം അടക്കം പരിഗണിക്കാനാണ് നീക്കം.
മറ്റ് ബദൽ മാർഗങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് വൈകിട്ട് കെഎസ്ഇബി ഉന്നതതല യോഗം ചേരുന്നുണ്ട്. ഇതിനു ശേഷമാകും വൈദ്യുതി പ്രതിസന്ധിയില്‍ അന്തിമ തീരുമാനമുണ്ടാകുക. അതേസമയം പാലക്കാട്, തൃശൂർ, കോഴിക്കോട് ജില്ലകളിൽ ഉഷ്ണ തരംഗ മുന്നറിയിപ്പ് തുടരുകയാണ്. ഇതടക്കം 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയർന്ന താപനില മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തുടർച്ചയായ ദിവസങ്ങളിൽ 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ചൂട് രേഖപ്പെടുത്തിയ പാലക്കാട് ഇന്നലെ രേഖപ്പെടുത്തിയ ചൂടിൽ നേരിയ കുറവ്. സാധാരണയേക്കാൾ 5 ഡിഗ്രി സെൽഷ്യസിനടുത്ത് രേഖപ്പെടുത്തിയ ഉയർന്ന താപനില 3 .7 ഡിഗ്രി സെൽഷ്യസായി താഴ്ന്നു. എന്നാലും പാലക്കാട്ടെ പൊള്ളുന്ന ചൂടിന് മാറ്റമില്ല.
പാലക്കാടിനൊപ്പം തൃശൂർ കോഴിക്കോട് ജില്ലകളിലും ഉഷ്ണ തരംഗ മുന്നറിയിപ്പ് തുടരുന്നു. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെയും, തൃശൂർ 39 ഡിഗ്രി സെൽഷ്യസ് വരെയും, കോഴിക്കോട് 38 ഡിഗ്രി സെൽഷ്യസ് വരെയും, താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്.ജില്ലകളിൽ സാധാരണയിൽ നിന്ന് 3 മുതൽ 5°C വരെ ചൂട് കൂടാനാണ് സാധ്യത.തീരദേശങ്ങളിലും ഉൾപ്രദേശങ്ങളിലും ചൂട് കൂടിയ, അസ്വസ്ഥതത സൃഷ്ടിക്കുന്ന അന്തരീക്ഷാവസ്ഥയ്‌ക്ക് സാധ്യതയുണ്ട്.
Discussion about this post