കൊച്ചി: അഞ്ചുദിവസത്തെ ചിന്മയ ശങ്കരം 2024 എറണാകുളത്തപ്പൻ മൈതാനത്തിൽ ബുധനാഴ്ച ആരംഭിക്കും. സ്വാമി ചിന്മയാനന്ദന്റെ നൂറ്റിയെട്ടാം ജയന്തിയും തുടർന്നുവരുന്ന ജഗദ്ഗുരു ശ്രീ ആദി ശങ്കരാചാര്യരുടെ ജയന്തിയും ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ആഗോള ചിന്മയ മിഷന്റെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിക്കുന്നത്.
നാളെ വൈകുന്നേരം ചിന്മയ ശങ്കരത്തിന്റെ വിളംബരമായി എറണാകുളം ജില്ലയിൽ പര്യടനം നടത്തുന്ന രഥയാത്രയ്ക്ക് എറണാകുളത്തപ്പൻ മൈതാനത്തിൽ സ്വീകരണം നൽകും. തുടർന്ന് ഗുരുപാദുക പൂജ. ഉദ്ഘാടന സമ്മേളനത്തിൽ ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ള ചിന്മയ ശങ്കരം 2024-ന് തിരി തെളിക്കും. ചിന്മയ മിഷൻ മുൻ ആഗോള അധ്യക്ഷൻ സ്വാമി തേജോമയാനന്ദ, ചിന്മയ മിഷന്റെ ആഗോള അധ്യക്ഷൻ സ്വാമി സ്വരൂപാനന്ദ സരസ്വതി, സംസ്ഥാന അധ്യക്ഷൻ സ്വാമി വിവിക്താനന്ദ സരസ്വതി തുടങ്ങിയവർ സംബന്ധിക്കും. പ്രഭാഷണങ്ങൾ, ഭഗവത് ഗീത – സൗന്ദര്യലഹരി പാരായണം തുടങ്ങിയവ നടക്കും. ആർ.എസ്.എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ, അഭിഭാഷകൻ സായി ദീപക് തുടങ്ങിയ പ്രമുഖർ ചിന്മയ ശങ്കരത്തിന്റെ വേദിയിലെത്തും. ഒൻപതിന് ചിന്മയ ശങ്കരത്തിൽ പുലർച്ചെ 6.30 മുതൽ 8.30 വരെ 108 ഹോമകുണ്ഡങ്ങളിൽ ഗായത്രിഹോമം നടത്തും. 11 മുതൽ 12.30 വരെ ആചാര്യസംഗമവും യതിപൂജയും നടക്കും. പതിനായിരത്തോളം പേരെ അണിനിരത്തിയുള്ള സൗന്ദര്യലഹരി പാരായണവും നടക്കും. ശൃംഗേരി പീഠത്തിനു കീഴിലുള്ള യാദത്തൂർ മഠത്തിലെ ശങ്കര ഭാരതി സ്വാമികളുടെ നേതൃത്വത്തിൽ മേയ് ഒൻപതിന് ഉച്ചയ്ക്ക് രണ്ടുമുതലാണ് പാരായണം. മേയ് 11-ന് ഉച്ചയ്ക്ക് രണ്ടുമുതൽ ആയിരങ്ങൾ പങ്കെടുക്കുന്ന സമൂഹ ഭഗവത് ഗീതാപാരായണവും നടക്കും. ഗീതാധ്യാനം, പൂജഗീത അഷ്ടോത്തര ശതനാമാർച്ചന, ഗീതാ ആരതി സൗജന്യ ഗീതഗ്രന്ഥ വിതരണം എന്നിവയുണ്ടാകും.
Discussion about this post