കൊച്ചി: മാതാ അമൃതാനന്ദമയീ ദേവിയുടെ പിതാവും പ്രസിദ്ധ കഥകളി നടനുമായിരുന്ന ഇടമണ്ണേല്‍ വി. സുഗുണാനന്ദന്റെ സ്മരണയ്‌ക്കായി ഏര്‍പ്പെടുത്തിയ കഥകളി പുരസ്‌കാരം (അര ലക്ഷം രൂപ) പ്രസിദ്ധ കഥകളിവേഷ കലാകാരനും ആചാര്യനുമായ ഫാക്ട് പത്മനാഭന് നല്‍കും. സമഗ്രസംഭാവന പരിഗണിച്ചാണ് പുരസ്‌കാരം.
വിദേശരാജ്യങ്ങളില്‍ നിരവധി തവണ പത്മനാഭന്‍ കലാപ്രകടനം നടത്തിയിട്ടുണ്ട്. വലിയ ശിഷ്യസമ്പത്തിനുടമയാണ്. കേരള സംഗീതനാടക അക്കാദമി അവാര്‍ഡ്, കേരള കലാമണ്ഡലം അവാര്‍ഡ്, തപസ്യ അവാര്‍ഡ്, മാലി അവാര്‍ഡ്, കേന്ദ്രസര്‍ക്കാര്‍ ഫെലോഷിപ്പ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
സംഘാടകന്‍, അധ്യാപകന്‍, നടന്‍ എന്നീ നിലകളില്‍ കഥകളിക്കായി ജീവിതം സമര്‍പ്പിച്ച ഫാക്ട് പത്മനാഭന്‍ ഈ പുരസ്‌കാരത്തിന് തികച്ചും അര്‍ഹനാണെന്നു വിധിനിര്‍ണയസമിതി വിലയിരുത്തി. 18ന് വൈകിട്ട് 6ന് എറണാകുളം ബ്രഹ്മസ്ഥാനം ഓഡിറ്റോറിയത്തില്‍ മാതാ അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി പുരസ്‌കാരം നല്‍കും.
പത്രസമ്മേളനത്തില്‍ എം.ആര്‍.എസ് മേനോന്‍, ശശികളരിയേല്‍, ഹരിഹരന്‍ എസ്. അയ്യര്‍ എന്നിവര്‍ പങ്കെടുത്തു.
Discussion about this post