കോട്ടയം: ദേശീയതലത്തില്‍ സ്വാതന്ത്ര്യ സമരത്തിന് ഊര്‍ജ്ജം പകര്‍ന്നു നല്കാന്‍ വൈക്കം സത്യഗ്രഹത്തിനു സാധിച്ചുവെന്ന് ഓര്‍ഗനൈസറിന്റെ ചീഫ് എഡിറ്റര്‍ പ്രഫുല്ല പ്രദീപ് കേത്കർ. വൈക്കം സത്യാഗ്രഹ ശതാബ്ദിയോടനുബന്ധിച്ച് കോട്ടയത്തു നടന്ന ദേശീയ സെമിനാറില്‍ ദേശീയ നവോത്ഥാനവും വൈക്കം സത്യഗ്രഹവും എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈക്കം സത്യാഗ്രഹത്തെ ക്ഷേത്രപ്രവേശന സമരമെന്നാണ് ആദ്യം അറിയപ്പെട്ടിരുന്നത്. എന്നാല്‍ പിന്നീട് ടി.കെ. മാധവന്‍ സമരവുമായി ബന്ധപ്പെട്ട് മഹാത്മാഗാന്ധിയുമായി കൂടിക്കാണുകയും ക്ഷേത്രപ്രവേശനമല്ല അവര്‍ണ്ണര്‍ക്കു വഴി നടക്കാനുള്ള അവകാശത്തിനാണ് സമരമെന്ന് ധരിപ്പിക്കുകയും ചെയ്തു. ഇതോടെ ഗാന്ധിജി സമരത്തിന് പിന്തുണ നല്കുകയും കോണ്‍ഗ്രസ് സമരം ഏറ്റെടുക്കുകയുമായിരുന്നു. ഹിന്ദു ജനതയെ ഒന്നിപ്പിക്കുന്നതിനുള്ള സമരമാണ് വൈക്കത്തു നടന്നത്.
ഇതേ സമയത്തു തന്നെ മഹാരാഷ്ട്രയിലും കര്‍ണ്ണാടകയിലുമെല്ലാം സ്വാമി ശ്രദ്ധാനന്ദയുടെയും ആര്യസമാജത്തിന്റെയും നേതൃത്വത്തില്‍ ജാതിചിന്തയ്ക്കും ഉച്ച നീചത്വത്തിനും എതിരായി ശക്തമായ പ്രവര്‍ത്തനം നടത്തിയിരിന്നു. ഇത് സ്വാതന്ത്ര്യ സമരത്തിന് സഹായകമായ രീതിയില്‍ വളര്‍ന്നു വരുകയും ചെയ്തു. ജാതി വ്യവസ്ഥയ്‌ക്കെതിരെ രാജ്യത്തിന്റെ പല ഭാഗത്തും പ്രവര്‍ത്തനങ്ങള്‍ നടക്കുവാന്‍ കാരണമായത് വൈക്കം സത്യഗ്രഹം ദേശീയ ശ്രദ്ധ നേടിയതോടെയാണ്. ഡോ.ബി.ആര്‍. അംബേദ്ക്കര്‍, ശ്രീനാരായണ ഗുരു തുടങ്ങിയവരുമായി ഇതേക്കുറിച്ച് ഗാന്ധിജി നിരവധി ചര്‍ച്ചകളും നടത്തി. വൈക്കം സത്യാഗ്രഹത്തിന്റെ ആത്യന്തിക ലക്ഷ്യം നേടാന്‍ നമുക്കു കഴിഞ്ഞോ എന്നു ചിന്തിക്കാനുള്ള അവസരം കൂടിയാണിത്. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ രാമജന്മഭൂമി സമരം നടന്നത് ദേശീയ നവോത്ഥാനത്തിന്റെ മറ്റൊരു നാഴികക്കല്ലായി. ശ്രീരാമ ക്ഷേത്രത്തിന്റെ ശിലാന്യാസം നടത്തിയത് അവര്‍ണ്ണനായിരുന്നു. ഹിന്ദുക്കള്‍ എല്ലാം ഒന്നാണെന്നും ഹിന്ദുക്കളില്‍ പതിതരായി ആരുമില്ലെന്നുമുള്ള സന്ദേശം ഉയര്‍ത്തിയായിരുന്നു ആ പ്രവര്‍ത്തനം.ഓരോ ഹിന്ദുവിന്റെയും അവകാശമാണ് അവന്റെ ക്ഷേത്ര സംരക്ഷണമെന്നും ഹിന്ദു വിരോധികള്‍ ക്ഷേത്രഭരണത്തില്‍ നിന്നും വിട്ടു പോകണമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post