കാഞ്ഞിരപ്പള്ളി: അറിഞ്ഞതിനെ ആചരിക്കുക എന്നതാണ് ഹിന്ദു ധര്‍മ്മത്തിന്റെ ആധാരമെന്ന് മാര്‍ഗദര്‍ശകമണ്ഡലം സംസ്ഥാന കാര്യദര്‍ശി സ്വാമി സത്സ്വരൂപാനന്ദ സരസ്വതി. കാഞ്ഞിരപ്പള്ളി, കൂവപ്പള്ളി ഞര്‍ക്കല കാവ് ക്ഷേത്രത്തില്‍ നടന്ന കേരള ഹിന്ദു മതപാഠശാലാ അദ്ധ്യാപക പരിഷത്തിന്റെ 45-ാമത് വാര്‍ഷിക സമ്മേളനവും കുട്ടികളുടെ വിജ്ഞാന മത്സരങ്ങളും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാംസ്‌കാരികവും ആദ്ധ്യാത്മികവും ഭൗതികവുമായ അറിവു നേടുന്നതോടൊപ്പം നമ്മുടെ സ്വത്വത്തെ അന്വേഷിച്ചു കണ്ടെത്താനുള്ള അറിവും നേടണം. അതില്ലാതെ വരുന്നതാണ് സ്വത്വത്തെ ചോദ്യം ചെയ്യപ്പെടുമ്പോള്‍ നമുക്ക് പ്രതികരണശേഷി നഷ്ടപ്പെടുന്നത്. എല്ലാ മതങ്ങളെയും കാഴ്ചപ്പാടുകളെയും സ്വീകരിച്ച ചരിത്രമാണ് ഹിന്ദു ധര്‍മ്മത്തിനുള്ളത്. മതേതരമെന്ന പേരുപറഞ്ഞ് ഹിന്ദുവിനെ വര്‍ഗീയവാദികളാക്കുകയാണ് ചിലര്‍ ചെയ്യുന്നത്. ധര്‍മ്മം നിലനിര്‍ത്തേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. കുട്ടികള്‍ക്ക് ധര്‍മ്മബോധം ഉപദേശിച്ചു കൊടുക്കുന്ന മതപാഠശാലകള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും സ്വാമി പറഞ്ഞു.
ഞര്‍ക്കലക്കാവ് മേല്‍ശാന്തി മണിലാല്‍ നമ്പൂതിരി ഭദ്രദീപ പ്രകാശനം നടത്തി. അദ്ധ്യാപക പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വി.കെ. രാജഗോപാല്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി കുടമാളൂര്‍ രാധാകൃഷ്ണന്‍, വി.ആര്‍. രവി, പാറത്തോട് വിജയന്‍, മധുസൂദനക്കുറുപ്പ് തട്ടയില്‍, അനില്‍കുമാര്‍ കൈപ്പട്ടൂര്‍, പി.ഐ. കൃഷ്ണന്‍കുട്ടി, അഡ്വ. ജഗന്മയ ലാല്‍, ഉഷാ രാജീവ്, പ്രസന്നകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിജ്ഞാന മത്സരങ്ങളില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് മണിലാല്‍ നമ്പൂതിരി സമ്മാനവിതരണം നടത്തി. തുടര്‍ന്ന് അധ്യാപക സംഗമവും നടന്നു.
Discussion about this post