കോഴിക്കോട്: പാര്‍ട്ടിപ്രവര്‍ത്തകരുടെയും തന്റെയും ഒന്നരവര്‍ഷത്തെ തുടര്‍ച്ചയായ കഷ്ടപ്പാടിന്റെ വിജയമാണ് തൃശ്ശൂരിലേതെന്നും എല്ലാജനങ്ങളുടെയും വോട്ടു ലഭിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു.
കോഴിക്കോട് തളി മഹാക്ഷേത്ര ദര്‍ശനത്തിനെത്തിയ മന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. എയിംസ് എവിടെ വേണമെന്ന് 2016ല്‍ ഞാന്‍ പറഞ്ഞിട്ടുണ്ട്. എയിംസ് വിഷയത്തില്‍ എം.കെ. രാഘവന്റെ പരാമര്‍ശം രാഷ്‌ട്രീയ ദുരുദ്ദേശ്യപരമാണ്. പുരോഹിതന്മാരിലും വിവരദോഷികളുണ്ടെന്ന മുഖ്യമന്ത്രിയുടെ പാരമര്‍ശത്തോട്, സിപിമ്മിലെ പ്രശ്‌നത്തില്‍ ഇടപെടാനില്ല എന്നും മന്ത്രി പറഞ്ഞു.
ഭാരതത്തിന്റെ ടൂറിസം മന്ത്രിയെന്നത് വലിയ ഉത്തരവാദിത്വമാണ്. തനിക്ക് നിരവധി ആളുകളുമായി വ്യക്തിബന്ധമുണ്ട്. ഇ.കെ. നായനാരുടെ വീട് സന്ദര്‍ശനം അത്തരത്തിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമന്ത്രിയായശേഷം ആദ്യമായി കേരളത്തിലെത്തിയ സുരേഷ് ഗോപിക്ക് വിമാനത്താവളത്തില്‍ ഉജ്ജ്വല സ്വീകരണമാണ് നല്കിയത്. ഇന്നലെ രാവിലെ ആറരയോടെ കോഴിക്കോട് തളി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ക്ഷേത്രം പൂജാരി വിഷ്ണു നമ്പൂതിരി പൂര്‍ണകുംഭം നല്കി സുരേഷ് ഗോപിയെ സ്വീകരിച്ചു. ജില്ലാ പ്രസിഡന്റ് വി.കെ. സജീവനും ഒപ്പമുണ്ടായിരുന്നു. തുടര്‍ന്ന് ബിജെപി ഓഫീസായ മാരാര്‍ജി ഭവനിലെത്തി കെ.ജി. മാരാര്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി.
അന്തരിച്ച ചലച്ചിത്ര നിര്‍മാതാവ് പി.വി. ഗംഗാധരന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു. പി.വി. മിനി ഉപഹാരം നല്കി അദ്ദേഹത്തെ സ്വീകരിച്ചു.
പി.വി. ചന്ദ്രന്റെ വീട്ടിലെ പ്രാതലിനു ശേഷമായിരുന്നു മടക്കം. മാതൃഭൂമി എംഡി എം.വി. ശ്രേയാംസ് കുമാറും പി.വി. നിധീഷും കുടുംബാംഗങ്ങളും സന്നിഹിതരായിരുന്നു. തുടര്‍ന്ന് റോഡ് മാര്‍ഗ്ഗം കണ്ണൂരിലേക്ക് പോയി. ബിജെപി നേതാക്കളായ എം.ടി. രമേശ്, സി.ആര്‍. പ്രഫുല്‍കൃഷ്ണന്‍, കെ. നാരായണന്‍, എം. മോഹനന്‍, ടി.പി. ജയചന്ദ്രന്‍, ഇ. പ്രശാന്ത് കുമാര്‍, പൊക്കണാരി ഹരിദാസന്‍, കെ.പി. വിജയലക്ഷ്മി, അഡ്വ. രമ്യാ മുരളി, ടി. ചക്രായുധന്‍, ജുബിന്‍ ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സുരേഷ് ഗോപിയെ അനുഗമിച്ചു.
Discussion about this post