കണ്ണൂര്‍: സിപിഎം കൊലക്കത്തിക്കിരയായി കണ്ണൂരില്‍ ബലിദാനികളായവരുടെ ഓര്‍മകള്‍ക്കു മുമ്പില്‍ സ്മരണാഞ്ജലികള്‍ അര്‍പ്പിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി.
അഞ്ചര പതിറ്റാണ്ടിനു മുമ്പ്, സിപിഎം അക്രമികള്‍ കൊലപ്പെടുത്തിയ വാടിക്കല്‍ രാമകൃഷ്ണന്റെ ഭാര്യ ലീലയെ സന്ദര്‍ശിക്കാനാണ് സുരേഷ് ഗോപി എത്തിയത്. കമ്യൂണിസ്റ്റ് അക്രമത്തില്‍ കൊല്ലപ്പെട്ട പയ്യന്നൂര്‍ അന്നൂരിലെ രാമചന്ദ്രന്റെ ഭാര്യ രജനി, മകന്‍ ദേവദത്ത്, മകള്‍ ദേവാംഗന, ധര്‍മടത്തെ സന്തോഷിന്റെ ഭാര്യ ബേബി, മകന്‍ സാരംഗ്, മകള്‍ വിസ്മയ എന്നിവരും തിരുവങ്ങാട്ടെ ലീലയുടെ വീട്ടിലെത്തിയിരുന്നു. സിപിഎം അക്രമത്തെ തലമുറകളായി അതിജീവിക്കുന്നവരുടെ കൂടിച്ചേരലായി അത്.
കേന്ദ്ര മന്ത്രിയെന്ന ഔദ്യോഗിക പരിവേഷങ്ങള്‍ മാറ്റിവച്ച് മൂത്ത സഹോദരിയോടെന്നോണം ലീലയോടു സുരേഷ് ഗോപി വിശേഷങ്ങള്‍ ആരാഞ്ഞു. ഓര്‍മയൊക്കെ എങ്ങനെയെന്ന് കുശലം ചോദിച്ചു. ബേക്കറി രംഗത്തു വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ അദ്ദേഹം സൂചിപ്പിച്ചു.
രാമകൃഷ്ണന്‍ കൊല്ലപ്പെട്ടതിനുശേഷം ഉപജീവനത്തിനായി ലീല വീട്ടില്‍ ബേക്കറി പലഹാരങ്ങളുണ്ടാക്കി വിതരണം ചെയ്തിരുന്നു. സുരേഷ് ഗോപിയുടെ പിന്തുണയും സഹായവും നേരത്തേയും ലീലയ്‌ക്കു ലഭിച്ചിട്ടുണ്ട്. സഹോദരന്‍ സുമേഷിനോടും അദ്ദേഹം വിശേഷങ്ങള്‍ ചോദിച്ചു. എല്ലാവര്‍ക്കുമൊപ്പം അദ്ദേഹം ഏറെ സമയം ചെലവഴിച്ചു. വീണ്ടും വരുമെന്നും എല്ലാവരെയും ഒരുമിച്ചു കാണാന്‍ ഒരിക്കല്‍ക്കൂടി അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
1969 ഏപ്രില്‍ 28നാണ് വാടിക്കല്‍ രാമകൃഷ്ണന്‍ കൊല്ലപ്പെട്ടത്. കണ്ണൂര്‍ ജില്ലയില്‍ രാഷ്‌ട്രീയ കൊലപാതകങ്ങള്‍ക്കു സിപിഎം നേതൃത്വം തുടക്കം കുറിച്ചത് വാടിക്കല്‍ രാമകൃഷ്ണനെ കൊലപ്പെടുത്തിയായിരുന്നു.
ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ബിജു ഏളക്കുഴി, എം.ആര്‍. സുരേഷ്, സംസ്ഥാന കൗണ്‍സില്‍ അംഗം എം.പി. സുമേഷ്, തലശ്ശേരി മണ്ഡലം പ്രസിഡന്റ് കെ. ലിജേഷ്, മണ്ഡലം ജനറല്‍ സെക്രട്ടറി കെ. അനില്‍കുമാര്‍, മണ്ഡലം വൈസ് പ്രസിഡന്റുമാരായ കെ. അജേഷ്, കെ. ഹരിദാസ് എന്നിവര്‍ കൂടെയുണ്ടായിരുന്നു.
Discussion about this post