കൂത്തുപറമ്പ് : നോവലിസ്റ്റും തിരക്കഥാകൃത്തും സര്‍ക്കസ് കഥകളുടെ കുലപതിയുമായ പ്രശസ്ത സാഹിത്യകാരന്‍ ശ്രീധരന്‍ ചമ്പാട് (86)അന്തരിച്ചു. പത്തായക്കുന്നിലെ ശ്രീവത്സത്തില്‍ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ചിന് നടക്കും.
സര്‍ക്കസ് തമ്പിലെ ജീവിതം തന്റെ എഴുത്തിലൂടെ പ്രതിഫലിപ്പിച്ച അദ്ദേഹം. നോവല്‍, ജീവചരിത്രം, ലേഖനങ്ങള്‍ തുടങ്ങിയവ 20ഓളം പുസ്തകങ്ങളും 100ലധികം കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പത്രപ്രവര്‍ത്തനരംഗത്തും ശ്രീധരന്‍ ചമ്പാട് പ്രവര്‍ത്തിച്ചിരുന്നു. റിങ്, അന്തരം, കൂടാരം എന്നീ നോവലുകളും ബാലസാഹിത്യകൃതികളും ഉള്‍പ്പെടെ 20 ലേറെ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. റിങ് ബോയ് ആണ് ആദ്യകഥ. തമ്പ്, മേള എന്നീ ചലച്ചിത്രങ്ങളുടെ തിരക്കഥാകൃത്ത് കൂടിയാണ്. 2014 ല്‍ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.
ചമ്പാട് പാറപ്പൊയില്‍ കുനിയില്‍ പരേതരായ കുഞ്ഞിക്കണ്ണന്റെയും നാരായണി അമ്മയുടെയും മകനായി 1938ല്‍ ചമ്പാട്ടായിരുന്നു ജനനം. കോഴിക്കോട് ദേവഗിരി കോളേജില്‍ ബിരുദ പഠനത്തിന് ചേര്‍ന്നെങ്കിലും പഠനം പൂര്‍ത്തിയാക്കാതെ സര്‍ക്കസ് ലോകത്തിലേക്കാണ് കടന്നുപോയത്. ട്രിപ്പീസ് കലാകാരനായും പിആര്‍ഒ ആയും മാനേജരായും ഏഴുവര്‍ഷം സര്‍ക്കസ് തമ്പുകളും ആയി ഇന്ത്യ മുഴുവന്‍ സഞ്ചരിച്ചു.ഈ ജീവിതാനുഭവമാണ് സര്‍ക്കസ് കഥകളും നോവലുകളും തിരക്കഥകളുമായി പിറവികൊണ്ടത്.
റിങ്ങില്‍ അനേകായിരങ്ങളെ രസിപ്പിക്കുന്ന സര്‍ക്കസ്സ് കലാകാരന്മാരുടെ, കാണികള്‍ കാണാത്ത കണ്ണീരില്‍ കുതിര്‍ന്ന ജീവിതം വരച്ചു കാണിക്കുകയാണ് ശ്രീധരന്‍ ചമ്പാടിന്റെ ഓരോ സൃഷ്ടിയും. ഒരു സര്‍ക്കസ്സ് കലാകാരനായി ജീവിച്ചപ്പോഴും അനേകം വേഷങ്ങള്‍ കെട്ടിയാടേണ്ടി വന്നതിന്റെ അനുഭവ വെളിച്ചം വായനക്കാര്‍ക്ക് പകരാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
എംടി വാസുദേവന്‍ നായരുടെ വളര്‍ത്തുമൃഗങ്ങള്‍ എന്ന ചലച്ചിത്രത്തിന്റെ പിറവിക്ക് ജി അരവിന്ദന്‍ സഹായിയായി കൂടെകൂട്ടിയത് ശ്രീധരന്‍ ചമ്പാടിനെയായിരുന്നു. മേള സിനിമയുടെ കഥ എഴുതി. തമ്പ്, ഭൂമി മലയാളം എന്നീ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ കുമ്മാട്ടി, ആരവം, അപൂര്‍വ സഹോദരങ്ങള്‍, ജോക്കര്‍, എന്നീ സിനിമകളില്‍ ഇദ്ദേഹം സഹായിയായി പ്രവര്‍ത്തിച്ചു.
സര്‍ക്കസ് ലോകം എന്ന ഡോക്യുമെന്ററി ശ്രീധരന്‍ തയ്യാറാക്കി. ദൂരദര്‍ശനു വേണ്ടി സര്‍ക്കസ് എന്ന ഡോക്യുമെന്ററിക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്. ജെമിനി സര്‍ക്കസിനു വേണ്ടി ഒരു പരസ്യചിത്രവും ഇദ്ദേഹം തയ്യാറാക്കിയിരുന്നു. ജഗന്നാഥം മാസിക എഡിറ്റര്‍ എന്നീ സ്ഥാനങ്ങളിലും പ്രവര്‍ത്തിച്ചു.
പടയണി ആഴ്ചപതിപ്പിന്റെ പത്രാധിപരായും പടയണി പത്രത്തില്‍ എഡിറ്ററായും പ്രവര്‍ത്തിച്ചു. വത്സലയാണ് ഭാര്യ:വത്സല . മക്കള്‍: റോഷ്‌നി (കൊല്‍ക്കത്ത), റോഷന്‍, രോഹിത്, രോഹിന . മരുമക്കള്‍: മനോജ് (കൊല്‍ക്കത്ത) ഷിജിന, ബിന്ദു. സഹോദരങ്ങള്‍: അംബുജാക്ഷി, പത്മാവതി, മീനാക്ഷി, പരേതയായ മാധവി.
Discussion about this post