തിരുവനന്തപുരം: നാവികസേനയുടെ ഭൂപടത്തില്‍ ഇനി തലസ്ഥാനനഗരവും. തിരുവനന്തപുരത്ത് നാവികസേനയ്‌ക്ക് ഉപ കേന്ദ്രമൊരുങ്ങുന്നു. എയര്‍ഫോഴ്‌സ്, ബിഎസ്എഫ്, സിഐഎസ്എഫ് എന്നിവയ്‌ക്ക് പുറമേയാണ് നാവികസേനയുടെ ഉപകേന്ദ്രം വരുന്നത്. ഇതിനായി പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു.
വിമാനത്താവളത്തിന്റെ തൊട്ടുപിന്നിലായി മുട്ടത്തറ പൊന്നറ പാലത്തിനു സമീപം മുതല്‍ വലിയതുറ സെ. സേവിയേഴ്‌സ് ലെയ്ന്‍ വരെയുള്ള 4.01 ഏക്കര്‍ സ്ഥലം 16 കോടി രൂപയ്‌ക്ക് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് പ്രതിരോധവിഭാത്തിന്റെ എസ്‌റ്റേറ്റ് വിഭാഗം വാങ്ങി. 35 കോടി രൂപ ചെലവില്‍ മിലിറ്ററി എന്‍ജിനിയറിംഗ് സര്‍വീസാണ് (എംഇഎസ്) നാവികസേനയുടെ കേന്ദ്രം നിര്‍മിക്കുക.
കൊച്ചിയിലെ ദക്ഷിണ നാവിക കമാന്‍ഡിന്റെ കീഴിലാണ് മുട്ടത്തറയിലെ നാവികകേന്ദ്രം പ്രവര്‍ത്തിക്കുക. ഉപകേന്ദ്രത്തിന് സ്റ്റേഷന്‍ കമാന്‍ഡര്‍ക്കായിരിക്കും ചുമതല. കന്യാകുമാരി മുതല്‍ കൊല്ലം വരെയുള്ള കടല്‍ സുരക്ഷയുടെ ചുമതല ഈ ഉപകേന്ദ്രത്തിനായിരിക്കും. വിഎസ്എസ്‌സി, വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം, തുടങ്ങിയ തന്ത്രപ്രധാനമായ സ്ഥാപനങ്ങളുടെ സാന്നിധ്യം കൂടി കണക്കിലെടുത്താണ് തലസ്ഥാനത്ത് നാവിക സേനാ കേന്ദ്രം വരുന്നത്.
Discussion about this post