തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ ആത്മാര്‍ത്ഥമായും സത്യസന്ധമായും അഭിപ്രായം പറഞ്ഞാല്‍ മെമ്മോ കിട്ടുന്ന കാലമാണിതെന്നും ഭയമില്ലാത്ത പത്രപ്രവര്‍ത്തകനെന്ന നിലയില്‍ ഇന്നും മനസിലുള്ളത് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയാണെന്നും പ്രമുഖ ചരിത്രകാരന്‍ ഡോ.ടി.പി. ശങ്കരന്‍കുട്ടി നായര്‍. പ്രസ്‌ക്ലബ്ബില്‍ വിശ്വസംവാദകേന്ദ്രം സംഘടിപ്പിച്ച നാരദജയന്തി ആഘോഷവും വി. കൃഷ്ണശര്‍മ്മ സ്മാരക മാധ്യമ പുരസ്‌കാര സമര്‍പ്പണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മാപ്പെഴുതി നല്‍കിയാല്‍ നാടുകടത്തല്‍ റദ്ദുചെയ്ത് തിരുവിതാംകൂറില്‍ പ്രവേശിക്കാന്‍ അനുവാദം നല്‍കാമെന്നും ഹൈക്കോടതിയില്‍ ജഡ്ജിയാക്കാമെന്നുമുള്ള ഭരണകൂട വാഗ്ദാനങ്ങളെല്ലാം സ്വദേശാഭിമാനി നിരസിക്കുകയായിരുന്നു. സ്വദേശാഭിമാനി രാമകൃഷ്ണപിള്ള പറഞ്ഞതും എഴുതിയതുമെല്ലാം രേഖകളുടെ അടിസ്ഥാനത്തില്‍ മാത്രമായിരുന്നുവെന്നും ഡോ.ടി.പി.ശങ്കരന്‍കുട്ടി നായര്‍ പറഞ്ഞു. മാതൃഭൂമി ന്യൂസ് എഡിറ്റര്‍ ഡോ.ജി. പ്രസാദ്കുമാറിന് വി. കൃഷ്ണശര്‍മ്മ സ്മാരക മാധ്യമ പുരസ്‌കാരവും അദ്ദേഹം സമ്മാനിച്ചു.
ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടനാ കാര്യദര്‍ശി വി.മഹേഷ് മുഖ്യപ്രഭാഷണം നടത്തി. സ്വത്വസമീപനത്തിലൂടെ വസ്തുതകള്‍ അവതരിപ്പിക്കുകയായിരുന്നു നാരദമഹര്‍ഷിയുടെ ശൈലിയെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ആദ്യകാല പത്രപ്രവര്‍ത്തക തലമുറ സ്വത്വബോധമുള്ളവരും ദേശീയതയോട് കൂറു പുലര്‍ത്തിയിരുന്നവരുമായിരുന്നു. എന്നാല്‍ കുറച്ചുകാലമായി മാധ്യമരംഗത്ത് ദേശവിരുദ്ധ സമീപനം വര്‍ധിച്ചുവരികയാണ്. ദേശവിരുദ്ധ കലാപങ്ങളും പ്രതിഷേധങ്ങളും വലിയൊരുവിഭാഗം മാധ്യമങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നു. ജനാധിപത്യത്തിന്റെ നാലു തൂണുകളിലൊന്നായി കണക്കാക്കപ്പെടുന്ന പത്രങ്ങള്‍ ഇന്ന് മറ്റ് മൂന്നുകാലുകളെയും ഭിന്നിപ്പിക്കുന്ന മാര്‍ഗമാണ് തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.
പുരസ്‌കാര സമിതി അധ്യഷന്‍ പി. ഗിരീഷ്‌കുമാര്‍ അധ്യക്ഷനായി. ജി. വെങ്കിട്ടരാമന്‍ വി.കൃഷ്ണശര്‍മ്മയെ അനുസ്മരിച്ചു. ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ പി. ശ്രീകുമാര്‍, മാധ്യമ പ്രവര്‍ത്തകന്‍ കെ.പി. കൈലാസ്‌നാഥ്, പുരസ്‌കാര സമിതി ജനറല്‍ കണ്‍വീനര്‍ വി.സി. അഖിലേഷ്, കണ്‍വീനര്‍ ടി. സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു. പുരസ്‌കാര ജേതാവ് ഡോ.ജി.പ്രസാദ്കുമാര്‍ മറുപടി പ്രസംഗം നടത്തി.
Discussion about this post