തിരുവനന്തപുരം: ഇത്തവണത്തെ സംസ്ഥാന സ്കൂൾ കലോത്സവം തിരുവനന്തപുരത്ത് നടത്തും. ഡിസംബറിലായിരിക്കും കലോത്സവം സംഘടിപ്പിക്കുക എന്നും, ദിവസം പിന്നാലെ തീരുമാനിക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പുതുക്കിയ മാന്വൽ പ്രകാരം തദ്ദേശീയ കലാരൂപങ്ങളും കലോത്സവത്തിന്റെ ഭാഗമാകുമെന്നും മന്ത്രി അറിയിച്ചു. ശാസ്ത്രമേള, നവംബർ 15 മുതൽ 17 വരെ ആലപ്പുഴയിലും നടത്തുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
കൂടാതെ സ്കൂൾ കായികമേള ഇത്തവണ മുതൽ സ്കൂൾ ഒളിംപിക്സ് എന്നപേരിലാവും നടത്തുക. നാല് വർഷം കൂടുമ്പോഴാണ് ഇതു സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നത്. ആദ്യ സ്കൂൾ ഒളിംപിക്സ് ഒക്റ്റോബർ 18 മുതൽ 22 വരെ എറണാകുളത്ത് നടത്തും. സംസ്ഥാന സ്‌കൂൾ കായികമേളയെ ഒളിംപ്ക്‌സ് മാതൃകയിൽ അത്‌ലറ്റിക്‌സും ഗെയിംസും ഒരുമിച്ച് സംഘടിപ്പിക്കുന്ന രീതിയിൽ മാറ്റണമെന്ന രീതിയിലുള്ള പ്രവർത്തനമാണ് നടന്നു വരുന്നത്. ഈ മേളയ്‌ക്ക് പ്രത്യേക ലോഗോയും പ്രത്യേക തീമും പ്രത്യേക ഗാനവും ആലോചിക്കുന്നുണ്ട്. ഒളിംപിക്സ് മാതൃകയിൽ അല്ലാത്ത വർഷങ്ങളിൽ സാധാരണ പോലെ കായിക മേളയും നടക്കും.
പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന മേളകളും അവയുടെ തീയതികളും അവ നടത്തുന്ന ജില്ലകളും നേരത്തെ തന്നെ പ്രഖ്യാപിക്കുകയാണ്. ടിടിഐ, പിപിടിടിഐ കലോത്സവം സെപ്തംബർ 4, 5 തീയതികളിൽ പത്തനംതിട്ട ജില്ലയിൽ നടത്തും. സ്‌പെഷ്യൽ സ്‌കൂൾ കലോത്സവം കണ്ണൂർ ജില്ലയിൽ സെപ്റ്റംബർ 25, 26, 27 തീയതികളിൽ നടത്തുമെന്നും മന്ത്രി അറിയിച്ചു.
സ്‌കൂളിലെ പി.ടി.എ.കള്‍ക്കെതിരെ ഉയരുന്ന ആക്ഷേപത്തിന്റെ അടിസ്ഥാനത്തില്‍ അവയുടെ പ്രവര്‍ത്തനം സംബന്ധിച്ച മാര്‍ഗരേഖ പുതുക്കി ഇറക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. പിടിഎ ഭാരവാഹികള്‍ പ്രധാനാധ്യാപകരെ നോക്കുകുത്തിയാക്കി സ്കൂളുകൾ ഭരിക്കുന്ന സ്ഥിതി അനുവദിക്കാനാകില്ലെന്നും പ്രവൃത്തിസമയങ്ങളില്‍ സ്‌കൂളില്‍ അവര്‍ എത്തേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.
Discussion about this post