കോട്ടയം: സമൂഹത്തിൽ ദുരിതം വ്യാപിച്ചപ്പോളൊക്കെ കേരളക്കരയിൽ കേട്ട ആശ്വാസത്തിന്റെ പേരാണ് സേവാഭാരതിയെന്ന് കേന്ദ്ര ഫിഷറീസ് മന്ത്രി അഡ്വ. ജോർജ് കുര്യൻ. സേവാഭാരതി കേരളമൊട്ടാകെ നടപ്പിലാക്കുന്ന ഭൂദാനം ശ്രേഷ്ഠ ദാനം എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഓരോരുത്തരും എപ്പോഴാണ് ഭൂരഹിതരും ഭവനരഹിതരും ആവുന്നതെന്ന് നമുക്ക് പറയാനാവുകയില്ല. അസുഖമോ, അപകടമോ ഒക്കെ പല മധ്യ വരുമാനക്കാരെയും ഭൂരഹിതരാക്കാറുണ്ട്. സേവാഭാരതി ആമുഖമായി ഇവിടെ പറഞ്ഞ കാര്യം പ്രധാനപ്പെട്ട ഒന്നാണ്. ആസ്തി വർദ്ധിപ്പിക്കുകയല്ല സംഘടനകൾ ചെയ്യേണ്ടത്, തലചായ്ക്കാൻ ഒരിടം എന്ന ആശയം സർക്കാർ മാത്രം ഏറ്റെടുക്കേണ്ട ഒന്നല്ല. സമൂഹത്തിനും ഇതിലൊരു കർത്തവ്യം ഉണ്ടെന്നും അതുകൊണ്ടാണ് ഭൂദാനം ശ്രേഷ്ഠ ദാനം എന്നു പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആയിരങ്ങൾ ഭൂരഹിതരായി കഴിയുമ്പോൾ അതിലേറെ വീടുകൾ ആളില്ലാതെ ഒഴിഞ്ഞു കിടക്കുന്നു. വെറുതെ കിടക്കുന്ന ഭൂമിയും വീടുകളും എന്തുകൊണ്ട് ദാനം ചെയ്തുകൂടാ. എന്റെ ഗ്രാമത്തിൽ ഗൃഹസമ്പർക്കത്തിന് ഇറങ്ങിയപ്പോൾ 300 ലധികം വീടുകൾ പൂട്ടിക്കിടക്കുന്നതായി അറിഞ്ഞു. പലരും നാട്ടിൽ തന്നെ ഇല്ല. ഇങ്ങനെയുള്ളവരും ഭൂദാനത്തിനായി മുന്നോട്ടുവരണമെന്ന് നാം പ്രതീക്ഷിക്കുന്നു. വർഷങ്ങളായി ഈ ആശയത്തിന്റെ സഹയാത്രികനായ ഞാൻ സേവാഭാരതി ഈ ദൗത്യവുമായി മുന്നോട്ടു പോകുമ്പോൾ ഏറെ സന്തോഷിക്കുന്നു, കേന്ദ്ര മന്ത്രി പറഞ്ഞു.
ഭൂരഹിതരായ 47 കുടുംബങ്ങൾക്ക് വീട് നിർമ്മിക്കുവാൻ ആവശ്യമായ ഭൂമി ഈ യോഗത്തിൽ വിതരണം ചെയ്തു. കൂടാതെ സേവാഭാരതിക്ക് ഭൂമിദാനം ചെയ്തവരെ ആദരിക്കുകയും ചെയ്തു.
സേവാഭാരതി സംസ്ഥാന അധ്യക്ഷൻ ഡോ. രഞ്ജിത്ത് വിജയ ഹരി അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രമുഖ സിനിമ സംവിധായകൻ ജയരാജ്, രാഷ്ട്രീയ സ്വയംസേവക സംഘം മുതിർന്ന പ്രചാരകൻ എസ്.സേതുമാധവൻ, പ്രാന്ത കാര്യകാരി സദസ്യൻ എസ് രാമനുണ്ണി, സേവാഭാരതി സംസ്ഥാന ഉപാധ്യക്ഷൻ ഡി വിജയൻ, കൊച്ചി മഹാനഗർ സഹ സംഘചാലക് ഡോ. എ. കൃഷ്ണമൂർത്തി സേവാഭാരതി സംസ്ഥാന രക്ഷാധികാരി ഡോ. ബാലചന്ദ്രൻ, സേവാഭാരതി സംസ്ഥാന ഉപാധ്യക്ഷൻ ഡോ. പി കൃഷ്ണൻ നമ്പൂതിരി തുടങ്ങിയവർ സംസാരിച്ചു.
Discussion about this post