കോഴിക്കോട്: ജന്മഭൂമിയുടെ സുവര്‍ണ ജയന്തിയാഘോഷം രാജ്യത്തിന്റെ അമൃതകാലത്തിലേക്കുള്ള യാത്രയുടെ ഭാഗമാണെന്ന് ഒളിംപ്യന്‍ പി.ടി. ഉഷ എംപി അഭിപ്രായപ്പെട്ടു. ജന്മഭൂമി സുവര്‍ണ ജയന്തി ആഘോഷസമിതിയടെ സമ്പൂര്‍ണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു സ്വാഗതസംഘം ചെയര്‍പേഴ്‌സണ്‍ കൂടിയായ പി.ടി. ഉഷ.
അടിയന്തരാവസ്ഥയുടെ കറുത്ത ദിനങ്ങള്‍ക്കെതിരെ സ്വതന്ത്ര്യത്തിന്റെ ജിഹ്വയായി ഉയിര്‍ത്തെഴുന്നേറ്റ ജന്മഭൂമി സുവര്‍ണ ജയന്തിയാഘോഷത്തില്‍ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുന്ന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന് അവര്‍ പറഞ്ഞു.
‘സ്വ’ എന്നു പേരിട്ട സുവര്‍ണ ജയന്തിയാഘോഷത്തിന്റെ വിശാല പദ്ധതികള്‍ അവതരിപ്പിച്ച ചെയര്‍പേഴ്‌സണ്‍ സര്‍വ ജനങ്ങളുടെയും പിന്തുണ ഈ ആഘോഷത്തിനുണ്ടാവണമെന്ന് അഭ്യര്‍ത്ഥിച്ചു.
സ്വാതന്ത്ര്യത്തിന് 100 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍ വിശ്വ ഗുരുവായി വീണ്ടും ഉയര്‍ന്നുവരാനുള്ള ഭാരതത്തിന്റെ ശക്തിയും സാധ്യതയും തുറന്ന് കാണിക്കുന്ന പ്രദര്‍ശനവും സെമിനാറുകളും സംഘടിപ്പിക്കും. വികാസം, വിജ്ഞാനം, വിദ്യ, വാണിജ്യം, വൈവിധ്യം എന്നീ അഞ്ച് മേഖലകളിലൂന്നിയാവും അഞ്ചു ദിവസത്തെ പ്രദര്‍ശനം. സെമിനാറുകള്‍, കലാപരിപാടികള്‍ തുടങ്ങിയവയും ആഘോഷത്തിലുണ്ട്. നരേന്ദ്രമോദിയുടെ നവഭാരതത്തില്‍ രാഷ്‌ട്രബോധമുള്ളവര്‍ നെഞ്ചോടു ചേര്‍ത്തുവയ്‌ക്കുന്ന പേരുകൂടിയാണ് ജന്മഭൂമിയെന്നും എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ പിന്തുണ നല്‍കുമെന്നും പി.ടി. ഉഷ പറഞ്ഞു.
ജന്മഭൂമിയുടെ കാഴ്ചപ്പാടും നിലപാടും ലോകത്തെ അറിയിക്കുന്നതിനും ഭാരതത്തിന്റെ സമ്പൂര്‍ണ വൈഭവം ആര്‍ജ്ജിക്കുന്നതിനും ഉള്ള തുടക്കമാവും സുവര്‍ണ ജയന്തി ആഘോഷമെന്ന് ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍ പറഞ്ഞു. മാധ്യമങ്ങള്‍ അവരുടെ നടത്തിപ്പിന് സ്വധര്‍മ്മം വിട്ടുള്ള ഇതര മാര്‍ഗങ്ങള്‍ സ്വീകരിക്കുമ്പോള്‍ അതില്‍നിന്ന് വ്യത്യസ്തമായി നില്ക്കുന്ന ജന്മഭൂമിയുടെ വിജയം ഉറപ്പാക്കേണ്ടത് നമ്മുടെ കടമയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു.
ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, ന്യൂസ് എഡിറ്ററും ആഘോഷസമിതി ജനറല്‍ കണ്‍വീനറുമായ എം. ബാലകൃഷ്ണന്‍, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി. രഘുനാഥ്, സംസ്ഥാന സെക്രട്ടറി അഡ്വ. കെ.പി. പ്രകാശ് ബാബു, മേഖല ട്രഷറര്‍ ടി.വി. ഉണ്ണികൃഷന്‍, തപസ്യ സംസ്ഥാന ജോയിന്റ് ജനറല്‍ സെക്രട്ടറി അനൂപ് കുന്നത്ത് വിവിധ സബ് കമ്മിറ്റി കണ്‍വീനര്‍മാരായ കെ.എം. അരുണ്‍, സി.പി. വിജയകൃഷ്ണന്‍, കാവാലം ശശികുമാര്‍ സംസാരിച്ചു.
Discussion about this post