കോട്ടയം: സേവനരംഗത്ത് പുതിയ സന്ദേശങ്ങള്‍ സമൂഹത്തിന് നല്‍കിവരുന്ന സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പൊന്‍തൂവലായി മാറി കോട്ടയത്ത് നടന്ന ഭൂദാനം ശ്രേഷ്ഠദാനം. സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളെ മുഖ്യധാരയിലേക്ക് ഉയര്‍ത്താന്‍ ദേശീയ സേവാഭാരതി ആവിഷ്‌ക്കരിച്ചതാണ് ഭൂദാനം-ശ്രേഷ്ഠദാനം പദ്ധതി.
ഇന്നലെ നടന്ന ചടങ്ങില്‍ 47 കുടുംബങ്ങള്‍ക്ക് ആധാരം കൈമാറി. ഭൂമിദാനം ചെയ്തവരെയും ചടങ്ങില്‍ ആദരിച്ചു. എട്ട് ജില്ലകളിലായി നാല് ഏക്കര്‍ ഭൂമി 83 നിര്‍ദ്ധന കുടുംബങ്ങള്‍ക്കാണ് നല്‍കിയത്. സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്ക് ഭൂമിയും ഭവനവും യാഥാര്‍ഥ്യമാക്കുന്ന പദ്ധതിയാണ് ഭൂദാനം. ഉദാരമതികളുടെ സഹകരണത്തോടെയാണ് ഇത് നടപ്പാക്കുന്നത്.
വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ച് സേവാഭാരതി ഭൂദാന പരിപാടികള്‍ വിപുലമാക്കുകയാണ്. സേവാഭാരതിയുടെ തലചായ്‌ക്കാനൊരിടം പദ്ധതിയിലൂടെ 826 നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് സ്വന്തമായി വീടെന്ന സ്വപ്‌നമാണ് ഇതിനകം പൂര്‍ത്തിയായത്. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്റെ സഹകരണത്തോടെ ദേശീയ സേവാഭാരതിയുടെ മേല്‍നോട്ടത്തില്‍ ‘തലചായ്‌ക്കാനൊരിടം’ പദ്ധതിയിലൂടെയാണ് വീടുകള്‍ നിര്‍മിക്കുന്നത്. 2025ല്‍ 1000 വീടുകള്‍ നിര്‍മിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ശാസ്ത്രി റോഡിലെ കെപിഎസ് മേനോന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഭൂദാനം-ശ്രേഷ്ഠദാനം പദ്ധതി ഉദ്ഘാടനം ചെയ്തു.
സഹജീവികള്‍ക്ക് കൈത്താങ്ങാവുകയാണ് സേവാഭാരതിയുടെ ലക്ഷ്യം: എസ്.സേതുമാധവന്‍
കോട്ടയം: സഹജീവികള്‍ക്ക് കൈത്താങ്ങാവുകയാണ് സേവാഭാരതിയുടെ ലക്ഷ്യമെന്ന് ആര്‍എസ്എസ് മുതിര്‍ന്ന പ്രചാരകന്‍ എസ്. സേതുമാധവന്‍. സമൂഹത്തില്‍ ഏറ്റവും ഉദാത്തമായ പ്രവര്‍ത്തനം കാഴ്ചവച്ച പരിവാര്‍ സംഘടനയാണ് സേവാഭാരതിയെന്നും അദ്ദേഹം പറഞ്ഞു. സേവാഭാരതിയുടെ ഭൂദാനം- ശ്രേഷ്ഠദാനം പരിപാടിയില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഭൂദാനം മഹത്തായ കര്‍മ്മമാണ്. തലചായ്‌ക്കാന്‍ ഒരിടം സ്വന്തമായില്ലാത്ത നിരവധി കുടുംബങ്ങളാണ് കേരളത്തിലുള്ളത്. ഇവിടെയാണ് സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാകുന്നത്. ലക്ഷങ്ങള്‍ വിലമതിക്കുന്ന ഭൂമി ഒരിക്കല്‍പ്പോലും നേരില്‍ കണ്ടിട്ടില്ലാത്തവര്‍ക്കുവേണ്ടി ഒരു രൂപ പോലും കൈപ്പറ്റാതെ വിട്ടുകൊടുത്തവരാണ് യഥാര്‍ഥ മനുഷ്യ സ്‌നേഹികള്‍. തലചായ്‌ക്കാനൊരിടം എന്ന ഭവനനിര്‍മാണ പദ്ധതി 2018ലെ പ്രളയത്തിനുമുമ്പ് സേവാഭാരതി ഏറ്റെടുത്തതാണ്. ഇതിനകം 826 ഭവനങ്ങള്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ നിര്‍മിച്ചു നല്‍കാന്‍ സാധിച്ചു. തൃശൂര്‍ ജില്ലയിലെ കൊറ്റമ്പത്തൂരില്‍ ഉരുള്‍പൊട്ടലില്‍ വീടും ഭൂമിയും ഒലിച്ചുപോയപ്പോള്‍ അവര്‍ക്ക് പുനരധിവാസം നല്‍കുന്നതിലേക്ക് ഭൂമി വിലയ്‌ക്കു വാങ്ങിയാണ് 20 ഭവനങ്ങളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. ഭൂദാനവും, തലചായ്‌ക്കാനൊരിടം ഭവനനിര്‍മാണ പദ്ധതിയും കോര്‍ത്തിണക്കി 2025ല്‍ കേരളത്തില്‍ ആയിരം ഭവനങ്ങളാണ് സേവാഭാരതി ലക്ഷ്യം വയ്‌ക്കുന്നത്.
സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം: സംവിധായകന്‍ ജയരാജ്
കോട്ടയം: സേവാഭാരതിയുടെ സേവന പ്രവര്‍ത്തനങ്ങള്‍ ഏവര്‍ക്കും മാതൃകയാണെന്ന് ചലച്ചിത്ര സംവിധായകന്‍ ജയരാജ്. പ്രളയകാലത്തും കൊവിഡ് സമയത്തും സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിച്ചിരുന്നു. മറ്റുള്ളവര്‍ക്ക് അനുകരണീയമായ മാതൃകയാണ് ഇത്. ‘ഭൂദാനം-ശ്രേഷ്ഠദാനം’ പദ്ധതിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ട.്
ദുരിതമുഖത്ത് എന്നും സേവാഭാരതിയുടെ സാന്നിദ്ധ്യമുണ്ട.് അനവധിയാളുകളുടെ ജീവിത സ്വപ്‌നമാണ് സേവാഭാരതിയിലൂടെ സാധ്യമാകുന്നത്.
ഭൂമിദാനം ചെയ്തവര്‍ കര്‍മ്മം കൊണ്ട് ദൈവതുല്യരായ വ്യക്തികളാണ്. ഭൂദാനത്തിലേക്ക് കൂടുതല്‍ ആളുകളെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post