കോട്ടയം: കഥ പോലെ കാര്യങ്ങളും ചരിത്രം തന്നെയും രേഖപ്പെടുത്തിയ കൊട്ടാരത്തിൽ ശങ്കുണ്ണി മലയാളത്തിന് ഗുരുസ്ഥാനീയനായ പണ്ഡിതനും ചരിത്ര രചനയുടെ പിതാവും ആണെന്ന് കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ എൺപത്തി ഏഴാമത് സ്മൃതിദിന യോഗത്തിൽ ബസേലിയസ് കോളജ് അദ്ധ്യാപിക പ്രൊ. മഞ്ജുഷ പണിക്കർ അഭിപ്രായപ്പെട്ടു. കൊട്ടാരത്തിൽ ശങ്കുണ്ണിയെ വായിച്ചാൽ ഭക്തി ആവശ്യമുള്ളവർക്ക് ഭക്തിയും ചരിത്രം വേണ്ടവർക്ക് അതും സാഹിത്യം വേണ്ടവർക്ക് സാഹിത്യ തത്വശാസ്ത്രം തന്നെയും ലഭ്യമാകുന്നു. അദ്ദേഹത്തെ കൂടുതൽ പഠിക്കുവാൻ സമൂഹത്തിന് പ്രചോദനമേകണം ഇത്തരം അനുസ്മരണങ്ങൾ എന്നും പ്രൊഫസർ പറഞ്ഞു.
അനുസ്മരിക്കപ്പെടേണ്ട ചരിത്രകാരന്മാരിൽ കേരളീയ ചരിത്രത്തിൻ്റെ പിതാവായി അറിയപ്പെടേണ്ട ആളാണ് കൊട്ടാരത്തിൽ ശങ്കുണ്ണിയെന്ന് എസ്.ബി കോളജ് മലയാള വിഭാഗം അദ്ധ്യാപകനും പ്രൊഫസറുമായ സി.എൻ പുരുഷോത്തമൻ അഭിപ്രായപ്പെട്ടു.
ചരിത്രത്തിൽ മാത്രമല്ല കവിത്വത്തിലും കഥയിലും ആട്ടക്കഥയിലും വ്യക്തിമുദ്ര പതിപ്പിച്ച ഇത്ര പാണ്ഡിത്യമുള്ള മറ്റൊരാളില്ല. ചരിത്രത്തെ ബോധപൂർവ്വം തമസ്കരിപ്പിക്കുന്ന കാലത്ത് കൊട്ടാരത്തിൽ ശങ്കുണ്ണിയെ പോലെയുള്ളവരെ സ്മരിക്കാതെ വിട്ടു കളയുന്നത് ശരിയല്ല.
കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ എൺപത്തി ഏഴാമത് സ്മൃതിദിന യോഗത്തിൽ ജയകുമാർ മൂലേടം, പ്രൊഫ. സി.എൻ പുരുഷോത്തമൻ, പ്രൊഫ. മഞ്ജുഷ പണിക്കർ, പി.പി.ഗോപി, കെ. എൻ. മനു കുമാർ എന്നിവർ സംസാരിച്ചു.
Discussion about this post