തൃശൂര്‍: രാമായണ തത്വം ജനകീയമാകണമെന്ന് ഗായിക കെ.എസ്. ചിത്ര. തൃശൂര്‍ റീജണല്‍ തീയറ്ററില്‍ സമര്‍പ്പണയുടെ രാമായണ ഫെസ്റ്റില്‍ വാല്മീകി പുരസ്‌കാരം ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയില്‍ നിന്ന് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അവര്‍. രാമന്‍ സ്‌നേഹത്തിന്റെ പ്രതീകമാണ്. ജാതിക്കും മതത്തിനും മറ്റെല്ലാ ഭേദവിചാരങ്ങള്‍ക്കുമപ്പുറം ലോകത്തെ ഒന്നായി കാണാനാണ് രാമന്‍ പഠിപ്പിച്ചത്, ചിത്ര പറഞ്ഞു.
ഏഷ്യന്‍ രാജ്യങ്ങളിലെല്ലാം സാംസ്‌കാരിക മുന്നേറ്റത്തിന് അടിത്തറയായത് രാമായണമാണെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു.
വ്യത്യസ്ത മതവിഭാഗങ്ങളില്‍പെടുന്നവരാണെങ്കിലും ഏഷ്യന്‍ രാജ്യങ്ങളിലെല്ലാം രാമനെയും രാമായണത്തെയും ആരാധിക്കുന്നു. ഇന്തോനേഷ്യയിലും സൗദി അറേബ്യയിലും ഉള്‍പ്പെടെ രാമായണം പാഠ്യപദ്ധതിയുടെ ഭാഗമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സംഗീതസംവിധായകന്‍ ഔസേപ്പച്ചന്‍, കര്‍ണാടക സംഗീതജ്ഞ ജെ.നന്ദിനി എന്നിവര്‍ക്കും പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.
സമര്‍പ്പണ ചെയര്‍മാനും കല്യാണ്‍ സില്‍ക്‌സ് സിഎംഡിയുമായ ടി.എസ്. പട്ടാഭിരാമന്‍ അധ്യക്ഷനായിരുന്നു. മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, ആര്‍എസ്എസ് ഉത്തരകേരള പ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്‍, സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍, വി.കെ. വിശ്വനാഥന്‍, കെ.പി. രാധാകൃഷ്ണന്‍ അഡ്വ.ബി. ഗോപാലകൃഷ്ണന്‍, തിരൂര്‍ രവീന്ദ്രന്‍, ടി.സി. സേതുമാധവന്‍ തുടങ്ങിയവരും പങ്കെടുത്തു.
Discussion about this post