തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയിലെ വിവിധ പ്രശ്‌നങ്ങള്‍ ഉന്നയിച്ച് ദേശീയ അധ്യാപക പരിഷത്ത് 17ന് സെക്രട്ടേറിയറ്റിന് മുന്നില്‍ ഉപവാസ സമരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10ന് അഡ്വ. എസ്. സുരേഷ് ഉപവാസസമരം ഉദ്ഘാടനം ചെയ്യും.
ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എസ്. കെ. ജയകുമാര്‍ സമാപന സന്ദേശം നല്‍കും. സമരത്തിന് ഐക്യദാര്‍ണ്ഡ്യം പ്രഖ്യാപിച്ച് ജില്ലാസമിതികളുടെ നേതൃത്വത്തില്‍ 21 ജില്ലാ കേന്ദ്രങ്ങളില്‍ അനുഭാവ ധര്‍ണ്ണയും നടക്കും. രാവിലെ 10.30 മുതല്‍ 12.30 വരെ നടക്കുന്ന അനുഭാവ ധര്‍ണ്ണകള്‍ക്ക് സംസ്ഥാന സമിതിയംഗങ്ങളും ജില്ലാ നേതാക്കളും നേതൃത്വം നല്‍കും.
ലീവ് സറണ്ടര്‍, ശമ്പള പരിഷ്‌കരണ കുടിശ്ശിക തുടങ്ങി അധ്യാപകരുടെ തടഞ്ഞുവെച്ച ആനുകൂല്യങ്ങള്‍ ഉടന്‍ അനുവദിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക, സര്‍ക്കാര്‍ വിഹിതം ഉള്‍പ്പെടുത്തി മെഡിസെപ്പ് പരിഷ്‌ക്കരിക്കുക, ഉച്ചഭക്ഷണ പദ്ധതിയുടെ തുക കാലോചിതമായി വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരമെന്ന് എന്‍ടിയു സംസ്ഥാന പ്രസിഡന്റ് പി. എസ്. ഗോപകുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. അനൂപ് കുമാര്‍, രഘുചന്ദ്രന്‍ തുടങ്ങിയവര്‍ അറിയിച്ചു.
Discussion about this post