ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ്സ് & ടെക്നോളജി എംപ്ലോയീസ് സംഘ് (ബി.എം.എസ്സ്) പശ്ചിമ ബംഗാളിലെ വനിതാ ഡോക്ടറുടെയും, ഉത്തരാഖണ്ഡിലെ നഴ്സിൻ്റെയും ക്രൂര കൊലപാതകങ്ങളിൽ മെഴുകുതിരി തെളിയിച്ച് പ്രതിഷേധം നടത്തി.
ആരോഗ്യമേഖലയിലെ വനിതാ ജീവനക്കാർക്ക് നേരെ നടക്കുന്ന ഹീനമായ ആക്രമണങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും, രാജ്യത്തെ ആരോഗ്യ മേഖലിയിൽ അഹോരാത്രം പ്രവർത്തിക്കുന്ന ജീവനക്കാർക്ക് സുരക്ഷ ഉറപ്പാക്കുന്നതിന്, കേന്ദ്ര
സംസ്ഥാന ഗവൺമെൻ്റുകൾ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.
കേസിൽ ഉൾപ്പെട്ട പ്രതികളെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് മമതയുടെ നേതൃത്വത്തിലുള്ള സർക്കാർ നടത്തുന്നതെന്നും ഡോക്ടർമാരുടെ സമരം നടക്കുന്ന ആർജി കർ ആശുപത്രി അടിച്ചു തകർത്ത് നാശനഷ്ടം വരുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും, ഇരയുടെ കുടുംബത്തിന് പൂർണ സംരക്ഷണവും സഹായവും നൽകണമെന്നും, ക്രമസമാധാനം നിലനിർത്താൻ സർക്കാരിന് കഴിയുന്നില്ലെങ്കിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രാജിവയ്ക്കണമെന്നും പ്രതിഷേധ യോഗം ആവശ്യപ്പെട്ടു.
ഇതോടൊപ്പം, ജോലിസ്ഥലങ്ങളിൽ സ്ത്രീകൾക്കായി കർശനമായ സുരക്ഷാ പ്രോട്ടോക്കോളുകൾ നടപ്പിലാക്കണമെന്നും,
ശ്രീ ചിത്ര മെഡിക്കൽ സെൻ്ററിലടക്കം രാത്രി ജോലി നോക്കുന്ന വനിതാ ജീവനക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കണമെന്നും, ഇതിനായി അവലോകന യോഗം വിളിക്കണമെന്നും എംപ്ലോയീസ് സംഘ് ആവശ്യപ്പെട്ടു.
ശ്രീ ചിത്ര മെഡിക്കൽ സെൻ്ററിനു മുന്നിൽ നടന്ന പ്രതിഷേധത്തിൽ എംപ്ലോയീസ് സംഘ് പ്രസിഡൻ്റ് അഭിലാഷ് എസ്.ജി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രഞ്ജിത്ത് കുമാർ. വി പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തു. സുഭാഷ് എസ്.പി, വി.കെ. ഗിരീഷ്, കലമോൾ ആർ സുരേഷൻ, റൊസാലിയോ അന്നമ്മ കെ സൈമൺ, ജി.സുധീഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു.
Discussion about this post