കൊച്ചി: ഖേജ്‌രി വൃക്ഷങ്ങളുടെ സംരക്ഷണത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ബിഷ്‌ണോയ് വീരനായിക അമൃത ദേവി ബെനിവാളിന്റെ സ്മരണയുണര്‍ത്തി രാജ്യമൊട്ടാകെ അമൃത പ്രകൃതി വന്ദന്‍. 18 മുതല്‍ പത്തു ദിവസം വൃക്ഷാരോഹണം, നദീപൂജ, ഗോപൂജ, ഹരിതഗൃഹം, വൃക്ഷപൂജ എന്നിങ്ങനെ വിവിധ പരിപാടികളോടെ പര്യാവരണ്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരളത്തില്‍ പരിസ്ഥിതി സംരക്ഷണ സമിതിയാണ് അമൃത പ്രകൃതി വന്ദന്‍ സംഘടിപ്പിക്കുന്നത്.
കൊട്ടാരം പണിക്ക് ഖേജ് രി മരങ്ങള്‍ മുറിക്കാനെത്തിയ ജോധ്പൂര്‍ രാജാവിന്റെ പടയോട് പൊരുതി അമൃതാദേവിയും മൂന്ന് പെണ്‍മക്കളുമടക്കം 363 പേരാണ് ജീവത്യാഗം ചെയ്തത്. അമൃതാദേവിയില്‍ നിന്ന് പ്രേരണയുള്‍ക്കൊണ്ടാണ് ചിപ്‌കോ അടക്കമുള്ള പരിസ്ഥിതി സംഘടനകളുടെ ദേശവ്യാപകമായ മുന്നേറ്റമുണ്ടായത്. ഭാരതസര്‍ക്കാര്‍ അമൃത ദേവി ബിഷ്‌ണോയ് വന്യജീവി സംരക്ഷണ അവാര്‍ഡ് പ്രഖ്യാപിച്ചതും ഈ ധീരവനിതയെ ആദരിക്കുന്നതിനായാണ്. കൃഷ്ണമൃഗങ്ങളെ വേട്ടയാടിയതിന് നടന്‍ സല്‍മാന്‍ ഖാനെതിരെ പൊരുതിയ ബിഷ്ണോയി സമൂഹം അമൃതാദേവിയുടെ പിന്മുറക്കാരാണ്.
അമൃതാദേവിയുടെ സ്മൃതിദിനവും മഹാത്മാ അയ്യങ്കാളിയുടെ ജയന്തി ദിനവുമായ 28 വരെയാണ് അമൃത പ്രകൃതി വന്ദനം പരിപാടികള്‍ നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനപ്രകാരം ദേശത്തിനായി ഒരു വൃക്ഷം, അമ്മയ്ക്കായി ഒരു വൃക്ഷം കാമ്പയിനും ഇതേ കാലയളവിലാണ് നടക്കുന്നത്.
Discussion about this post